അടൂർ / കൊട്ടാരക്കര - പത്തനംതിട്ട, കൊല്ലം ജില്ലയിൽ കനത്ത കാറ്റിലും മഴയിലുമുണ്ടായ അപകടങ്ങളിൽ രണ്ടുമരണം. അടൂർ ചൂരക്കോട് കളത്തട്ട് ജംഗ്ഷനിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹനാ(32)ണ് മരിച്ചത്. മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് മരം റോഡിൽനിന്ന് മുറിച്ചുമാറ്റി.
കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് വൃദ്ധ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്.
കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണിട്ടുണ്ട്. കൊല്ലം, കൊട്ടാരക്കര മേഖലയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾക്ക് മുകളിലേയ്ക്ക് മരം വീണു. പൊലിക്കോട് പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു. കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേൽക്കൂരയും തകർന്നു. ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്നുപോയി.
മുക്കത്ത് കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് പരുക്കേറ്റ തൊഴിലാളി മരിച്ചു
(മുക്കം) കോഴിക്കോട് - കിണർ നിർമാണ പ്രവൃത്തിയ്ക്കിടെ കല്ലും മണ്ണും അടർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു(50)വാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെ കുറ്റിപ്പാലക്കലിൽ വച്ചായിരുന്നു അപകടമുണ്ടായത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുക്കം നഗരസഭയിലെ 15-ാം വാർഡിൽ കിണർ പണിയ്ക്കിടെ വലിയ മൺകട്ടയും കല്ലുകളും അടർന്ന് ബാബുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളും അഗ്‌നിരക്ഷാ ജീവനക്കാരും റസ്‌ക്യൂ വലയുടെ സഹായത്തോടെയാണ് ബാബുവിനെ കിണറിൽ നിന്നും പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് മരിക്കുകയായിരുന്നു. ഭാര്യ: സുനിത. മക്കൾ: വിജിൻ, ബിജിൻ.