(മുക്കം) കോഴിക്കോട് - കിണർ നിർമാണ പ്രവൃത്തിയ്ക്കിടെ കല്ലും മണ്ണും അടർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു(50)വാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെ കുറ്റിപ്പാലക്കലിൽ വച്ചായിരുന്നു അപകടമുണ്ടായത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുക്കം നഗരസഭയിലെ 15-ാം വാർഡിൽ കിണർ പണിയ്ക്കിടെ വലിയ മൺകട്ടയും കല്ലുകളും അടർന്ന് ബാബുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളും അഗ്‌നിരക്ഷാ ജീവനക്കാരും റസ്‌ക്യൂ വലയുടെ സഹായത്തോടെയാണ് ബാബുവിനെ കിണറിൽ നിന്നും പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് മരിക്കുകയായിരുന്നു. ഭാര്യ: സുനിത. മക്കൾ: വിജിൻ, ബിജിൻ.