ആലപ്പുഴ - അമ്മ ബക്കറ്റിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകരായി. മാതാവ് ആറന്മുളയിലെ വാടക വീട്ടിലെ ബാത്‌റൂമിലെ ബക്കറ്റിലുപേക്ഷിച്ച നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
വീട്ടിൽ പ്രസവിച്ച ശേഷം ആശുപത്രിയിൽ എത്തിയ മാതാവാണ് കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച കാര്യം ആശുപത്രിയിൽ അറിയിച്ചത്. ഉടനെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂർ ഉഷാ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഉടനെ പോലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയായിരുന്നു. ബക്കറ്റിലുള്ള ചോരക്കുഞ്ഞിന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ ചെങ്ങന്നൂർ സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലേക്ക് കുതുക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അനക്കമില്ലെന്നു കണ്ടതിനെ തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് യുവതി പറയുന്നത്. യുവതി ഐ.സി.യുവിൽ ചികിത്സയിലാണ്. കുഞ്ഞ് ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രി അധികൃതരുടെയും പോലീസിന്റെയും അടിയന്തര ഇടപെടലിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
34 വയസ്സുള്ള യുവതിയും അമ്മയും 10 വയസ്സുള്ള ഒരു കുട്ടിയുമാണ് വാടക വീട്ടിൽ കഴിയുന്നത്. അമ്മയ്‌ക്കൊപ്പമാണ് യുവതി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നാണ് വിവരം. യുവതി വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണത്തിലാണ്. യുവതിക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.