അസീർ- ജോലി തേടി സൗദിയിൽ എത്തി മാസങ്ങൾക്കകം വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് ആശ്വാസമായി സർക്കാർ സംവിധാനമായ ഗോസി. കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട സ്വദേശി സെബാസ്റ്റ്യൻ ചാർലസി(52)ന്റെ കുടുംബത്തിനാണ് ഗോസി തുണയായത്. (ഇഖാമയ്‌ക്കൊപ്പം എടുക്കുന്ന ഇൻഷുറൻസ് കാർഡിന് പുറമേ ഓരോ സ്‌പോൺസർമാരും വർഷാവർഷം അടയ്ക്കുന്ന തുകയാണ് ഗോസി) ബല്ലസ്മറിൽ നിന്നും തനൂമ റൂട്ടിൽ സദ് വാൻ ചുരത്തിൽ അപകടത്തിൽ പെട്ടാണ് വാഹനം ഓടിച്ചിരുന്ന ചാർലസ് അടക്കം മൂന്നു പേർ മരിച്ചത്. പാക്കിസ്ഥാനിയും രണ്ട് ഇന്ത്യക്കാരും സഞ്ചരിച്ച താർ ടാങ്കർ കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചാർലസ് പുതിയ വിസയിൽ എത്തിയിട്ട് രണ്ട് മാസവും പതിനെട്ട് ദിവസവും മാത്രമേ ആയിരുന്നുള്ളു. ഇദ്ദേഹത്തിന്റെ ഹെൽപ്പർമാരാണ് മറ്റ് രണ്ട് പേരായ പാക്കിസ്ഥാൻ സ്വദേശിയും ഹൈദ്രാബാദ് സ്വദേശിയും. വന്ന് മൂന്ന് മാസത്തോളം ആയെങ്കിലും സെബാസ്റ്റ്യന് ലൈസൻസും ഇഖാമയും ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അപകട മരണ ഇൻഷുറൻസും മറ്റ് ആനുകുല്യങ്ങളും ലഭിക്കില്ലെന്നാണ് കരുതിയത്. കടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഇദ്ദേഹത്തിന്റെ മരണം ആ കുടുംബത്തെ അനാഥമാക്കി. ഒരു മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് ആശ്വാസമായി എന്ത് ചെയ്യാൻ കഴിയുമെന്ന അന്വേഷണത്തിനൊടുവിലാണ് ഇത്തരം ഒരു ആനുകൂല്യം ലഭിക്കാൻ സാധ്യത ഉണ്ട് എന്ന് കണ്ടെത്തുന്നത്. എഫ്.ഐ.ആർ പ്രകാരം പൂർണ്ണമായും വണ്ടി ഓടിച്ച ആളുടെ ഭാഗത്താണ് തെറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നു. അന്ന് മൃതദേഹം കയറ്റി വിടാൻ വേണ്ടുന്ന നിയമ നടപടികൾ പൂർത്തിയാക്കി. ഏഴാം നാൾ അബഹ വഴി മൃതദേഹം നാട്ടിലേക്കയച്ചു. ഇതിന് സ്‌പോൺസറും സഹായിച്ചു. ഇഖാമ ഇല്ലാത്തത് കൊണ്ട് കൃത്യമായ നടപടി ഉണ്ടായില്ല. തുടർ അന്വേഷണത്തിലാണ് ഓരോ വ്യക്തിയും സൗദിയിൽ വന്നിറങ്ങുമ്പോൾ എയർപോർട്ടിൽ വച്ച് എമിഗ്രേഷൻ സമയത്ത് പേന കൊണ്ട് പാസ്‌പോർട്ടിൽ പത്തക്ക നമ്പർ എഴുതുന്നുണ്ട്. അത് പ്രകാരം അപേക്ഷ സമർപ്പിച്ചാൽ തുടർനടപടി ഉണ്ടാകുകയും തക്കതായ ആനുകൂല്യം ലഭിക്കുകയും ചെയ്യുമെന്ന് അറിയാൻ കഴിഞ്ഞത്. പിന്നീട് ഗോസി ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ മതിയായ രേഖകൾ ഹാജരാക്കിയാൽ നഷ്ടപരിഹാരം ലഭിക്കുമെന്നറിഞ്ഞു. ഇത് നടപടികളുമായി മുന്നോട്ടു പോകാൻ പ്രേരണയും പ്രതീക്ഷയും നൽകി. ഓരോ തവണയും അവർ ആവശ്യപ്പെടുന്ന പേപ്പറുകൾ എല്ലാം സമർപ്പിച്ചു. ഓരോന്നും നാട്ടിൽ നിന്നും വരുത്താൻ ഏറെ സമയമെടുത്തു. 2018 നവംമ്പർ 25നാണ് അപകടം നടന്നത്. നാല് വർഷവും നാല് മാസത്തിനുമിപ്പുറം അനുവദിച്ച നഷ്ടപരിഹാര തുകയായി മരണപ്പെട്ട വ്യക്തിയുടെ ഓരോ അവകാശികൾക്കും 4480 ഡോളർ പ്രകാരം 13440 ഡോളർ ലഭിച്ചു.ഈ പണം ഇക്കഴിഞ്ഞ മാർച്ച് നാലിന് കുടുംബത്തിന്റെ ബാങ്ക് എക്കൗണ്ടിൽ എത്തി. ഈ ആനുകൂല്യങ്ങളെ കുറിച്ച് പ്രവാസികൾ ഒട്ടും ബോധവാൻമാർ അല്ലെന്ന് ബന്ധപ്പെട്ടവര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
ശമ്പള സ്‌കെയിൽ പ്രകാരം വിവിധ തുക സ്‌പോൺസർ അടയ്ക്കണമെങ്കിലും എല്ലാ വിഭാഗം പ്രവാസി തൊഴിലാളികൾക്കും അവശ്യമായ അപകട മെഡിക്കൽ സുരക്ഷയും മരണാനന്തര ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് ഗോസി. എത്ര ചെറിയ അപകടങ്ങർക്കും ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമെന്നും എന്നാൽ ഈ പദ്ധതിയെ കുറിച്ച് അറിയാത്തവരാണ് പ്രവാസി സമുഹത്തിൽ ഏറേ പേരെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കുടുംബത്തിന് വേണ്ടി നിയമ നടപടികൾക്കായി പ്രയത്‌നിച്ച തനൂമയിലെ സാമൂഹ്യ പ്രവർത്തകൻ വി.കെ കൃഷ്ണൻ തലശ്ശേരി പറയുന്നു.ഒ ഐ സി സി ഭക്ഷിണ മേഖലാ പ്രസിഡണ്ടും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൾഫയർ മെമ്പർ അഷ്‌റഫ് കുറ്റിച്ചലും ചേർന്നാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്. ഗോസിയുടെ ഉപയോഗവും ലഭിക്കുന്ന പ്രയോജനവും ഏറേ പേർക്കും അറിയില്ലെന്നും എന്നാൽ മെഡിക്കൽ സൗജന്യമായി ലഭിക്കുന്ന പ്രൊഫഷനിൽ ഉള്ള ആർക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും അഷ്‌റഫ് കുറ്റിച്ചൽ പറഞ്ഞു.