- ഗുരുതര പരുക്കുണ്ടായിരുന്ന അനിൽകുമാർ അപകടനില തരണംചെയ്തു
കോഴിക്കോട് - കോഴിക്കോട്ട് ട്രെയിനിന് തീ വെച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശി അനിൽ കുമാറിന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ.
തീവെപ്പിൽ 35 ശതമാനം പൊളളലേറ്റ അനിൽ കുമാറിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും അപകടാവസ്ഥ തരണം ചെയ്തുവെന്ന ആശ്വാസകരമായ വിവരമാണ് ഇപ്പോഴുള്ളത്. അനിൽകുമാറിന് കഴുത്തിലും മുഖത്തുമായിരുന്നു ഗുരുതരമായി പൊള്ളലേറ്റത്. അതിന്റെ ചികിത്സയിലാണിപ്പോൾ കാര്യമായ പുരോഗതിയുണ്ടായത്.
മെഡിക്കൽ കോളേജിലെ തന്നെ പൊള്ളൽ ഐ.സി.യുവിൽ കഴിയുന്ന അനിൽകുമാറിന്റെ മകൻ അദ്വൈതും തൃശൂർ സ്വദേശി അശ്വതിയും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന ആരും അത്യാസന്ന നിലയിൽ കഴിയുന്നവരല്ല.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പ്രകാശൻ ആശുപത്രി വിട്ടു. 20 ശതമാനത്തിലേറെ പൊള്ളലേറ്റ ജ്യോതീന്ദ്ര നാഥിനെയും പി.സി ലതീഷിനെയും പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിട്ടുണ്ട്. നേരത്തെ ആശുപത്രി വിട്ട റാസിഖിന് പുറമെ പ്രകാശൻ കൂടി ഡിസ്ചാർജ് ആയതോടെ നിലവിൽ ഏഴ് പേരാണിപ്പോൾ തീ പൊള്ളലേറ്റ് ആശുപത്രിയിലുള്ളത്. ഇതിൽ നാലു പേർ കോഴിക്കോട് മെഡിക്കൽ കോളജിലും മൂന്നു പേർ ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.