കോഴിക്കോട്- തീ പിടിച്ചതിന് പിന്നാലെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്ന് പേരില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഒരു പാളത്തിലും മറ്റ് രണ്ട് പേരുടേത് രണ്ടാമത്തെ പാളത്തിലും. കുഞ്ഞിന്റെ പാദമറ്റ നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം ഒരു പാളത്തിലും മറ്റുള്ളവരുടേത് രണ്ടാമത്തെ പാളത്തിലും കണ്ടത് ദുരൂഹമാണ്. ഇവര്‍ ചാടുന്നത് മറ്റു യാത്രക്കാര്‍ അറിഞ്ഞിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
മരിച്ച മറ്റു രണ്ട് പേര്‍ക്കും തലയ്ക്ക് ക്ഷതമേറ്റ പരിക്ക് മാത്രമാണുള്ളത്. പിന്നാലെ വന്ന തീവണ്ടി കയറിയിറങ്ങിയതിന്റെ ലക്ഷണങ്ങളൊന്നുമില്ല.എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് 250 മീറ്റര്‍ അകലെ റെയില്‍പ്പാളത്തില്‍ മണിക്കൂറുകളോളമാണ് മൂന്ന് പേരുടെ മൃതദേഹം അനാഥമായി കിടന്നത്. രാത്രി ഒമ്പതരയോടെയാണ് ട്രെയിനില്‍ തീവെപ്പുണ്ടായത്. ചങ്ങല വലിച്ച് കോരപ്പുഴ പാലത്തിനു സമീപം ട്രെയിന്‍ നില്‍ക്കുന്നതിനു മുമ്പേ ഈ മൂന്ന് പേരും ട്രാക്കില്‍ വീണിരിക്കാമെന്നാണ് നിഗമനം. രാത്രി ഒരു മണിക്കു ശേഷമാണ് പാളത്തില്‍ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിന് ലഭിച്ചത്.
എക്സിക്യുട്ടീവ് എക്സ്പ്രസിന് പിന്നാലെ വന്ന ജനശതാബ്ദി ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹങ്ങള്‍ കണ്ടത് എന്നാണ് പറയുന്നത്. തുടര്‍ന്ന് ആര്‍പിഎഫും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. അപ്പോഴേക്കും നാല് മണിക്കൂര്‍ കഴിഞ്ഞിരുന്നു. അപകടം നടന്നയുടനെ ഇവര്‍ മരിച്ചോ അതോ അതിന് ശേഷമാണോ മരണം സംഭവിച്ചത് എന്നതൊന്നും വ്യക്തമല്ല.
അതിനിടെ പ്രതിയെ തേടി റെയില്‍വേ പോലീസ് ഉത്തര്‍പ്രദേശില്‍. റെയില്‍വേ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ വിമാന മാര്‍ഗം നോയിഡയിലെത്തി. പ്രതി യുപി സ്വദേശിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സംഭവത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎയും അന്വേഷണം നടത്തും.