Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിയിക്കാനായില്ല

പാലക്കാട് - അട്ടപ്പാടി മധു വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടത്തിയ 14 പ്രതികള്‍ക്ക് പരമാവധി ലഭിക്കുക 10 വര്‍ഷം വരെയുള്ള തടവു ശിക്ഷ. കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതാണ് ശിക്ഷ കുറയാന്‍ കാരണം. മന:പൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമാണ് കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വ്യവസ്ഥകളും പൂര്‍ണ്ണ തോതില്‍ ചുമത്തപ്പെടാത്തതും ശിക്ഷയുടെ കാഠിന്യം കുറയാന്‍ കാരണമാകും. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നാലാം പ്രതി  അനീഷിനെയുംപതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് വെറുതെ വിട്ടത്.  കേസിലെ 24 സാക്ഷികള്‍ നേരത്തെ പ്രതിഭാഗത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയ അസാധാരണ കേസാണിത്. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസില്‍ വിധി പറഞ്ഞത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്. 2018 ഫെബ്രുവരി 22 ന്‌ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആദിവാസിയായ അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മധു(30) കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു ബന്ധുക്കളില്‍ നിന്നകന്ന് കാട്ടിലെ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രദേശവാസികളായ പ്രതികള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചിരുന്നു.

 

 

 

Latest News