മലപ്പുറം- പെരുന്നാൾ ദിനത്തിൽ വ്യത്യസ്ത ആശംസയുമായി മലപ്പുറം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി. പെരുന്നാൾ ദിനത്തിലെ സന്തോഷം അപകടത്തിലേക്ക് വഴിമാറി യുവത്വം മരിച്ചുപോകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഖലീൽ ബുഖാരി തങ്ങൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
നിപ്പാ വൈറസിനെതിരായ ജാഗ്രത തുടരണമെന്നും ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾക്കെതിരെ ശുചിത്വം പാലിച്ച് പോരാട്ടം മുന്നോട്ടുകൊണ്ടുപോകണമെന്നും ഖലീൽ തങ്ങൾ സന്ദേശത്തിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി അടക്കമുള്ളവർ ഖലീൽ തങ്ങളുടെ സന്ദേശം ഷെയർ ചെയ്തിട്ടുണ്ട്.
ഖലീൽ തങ്ങളുടെ സന്ദേശത്തെ പറ്റി മുരളി തുമ്മാരുകുടി
നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി? ?ജന. സെക്രട്ടറി, കേരളമുസ്‌ലിം ജമാഅത്ത്. ചെയർമാൻ, മഅ്ദിൻ അക്കാദമി?. കാരണം അവസരം കിട്ടുമ്പോൾ എല്ലാം അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ സുരക്ഷയെ പറ്റി പറയുന്നു. ഈ ഈദ് സന്ദേശവും വ്യത്യസ്തമല്ല.
ഈദ് പെരുന്നാളിന്റെ ഇടക്ക് യാത്രയിൽ സുരക്ഷാ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിനെ പറ്റി, ലൈസൻസില്ലാത്ത കുട്ടികൾ ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കുന്നതിനെ പറ്റി, ജല സുരക്ഷയെ പറ്റി, നിപ്പാക്കെതിരെ, ഡെങ്കിക്കെതിരെ ജാഗ്രത പുലർത്തേണ്ടതിനെ പറ്റി എല്ലാം അദ്ദേഹം പറയുന്നു. ഇത്തവണ ജന്മനാലോ അപകടം പറ്റിയോ വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പറ്റി, അവർക്ക് സംസാരിക്കാൻ പോലും ആളില്ലാത്തതിനെ പറ്റി ഒക്കെ അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇതിലും നല്ല ഒരു സന്ദേശം എനിക്കും ഈ ഈദ് ദിനത്തിൽ നല്കാനില്ല. പെരുന്നാൾ ആഘോഷിക്കുക, അപകടം വരുത്താതിരിക്കുക, ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും വെല്ലുവിളികൾ ഉള്ളവരെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുക.