തൃശൂര്‍ - സ്വന്തം അച്ഛനോടുള്ള ഒടുങ്ങാത്ത പക ആയുര്‍വേദ ഡോക്ടറായ മകനെ കൊലയാളിയാക്കി. അവനൂരില്‍ അച്ഛനെ കൊലപ്പെടുത്തിയതിന് കാരണം തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദി അച്ഛനാണെന്ന വിശ്വാസമാണെന്ന് പിടിയിലായ മയൂര്‍നാഥ് പോലീസിന് മൊഴി നല്‍കി. തൃശൂര്‍ അവണൂരില്‍ തിങ്കളാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ച് 57-കാരനായ ശശീന്ദ്രന്‍ മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ആയുവേദ ഡോക്ടറായ മകന്‍ മയൂര്‍നാഥി(25)നെ പോലീസ് അറസ്റ്റ് ചെയ്തത്. ശശീന്ദ്രന്‍ തിങ്കളാഴ്ച പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ രക്തം ചര്‍ദ്ദിച്ച് മരിക്കുകയായിരുന്നു. ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടില്‍ ജോലിക്ക് വന്ന രണ്ട് പണിക്കാരും പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കെല്ലാം ചര്‍ദ്ദിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായി. ഇതോടെ ഭക്ഷ്യവിഷബാധയാണെന്ന സംശയം ഉയര്‍ന്നു. എന്നാല്‍ ശശീന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ രാസ വിഷാംശം എത്തിയതായി തെളിഞ്ഞതോടെ കൊലപാതക സാധ്യത പോലീസ് ഉറപ്പിക്കുകയായിരുന്നു. മയൂര്‍നാഥ് മാത്രം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. ഒടുവില്‍ ശശീന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മയൂര്‍നാഥിനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മയൂര്‍നാഥ് താനാണ് കൊലപാതകം നടത്തിയതെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. ശശീന്ദ്രന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് മയൂര്‍നാഥ്. തന്റെ അമ്മയുടെ മരണത്തിനുത്തരവാദി അച്ഛനാണെന്ന് മയൂര്‍നാഥ് ഉറച്ചു വിശ്വസിച്ചിരുന്നു. ഇത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള ഒടുങ്ങാത്ത പകയായി മാറി. കുടുംബ സ്വത്തിലുള്ള തന്റെ വിഹിതം ചോദിച്ചിട്ടും നല്‍കാന്‍ ശശീന്ദ്രന്‍ തയ്യാറാകാതിരുന്നത് പക വര്‍ധിക്കാനിടയാക്കി. സ്വന്തമായി നിര്‍മ്മിച്ച വിഷം കടലക്കറിയില്‍ കലര്‍ത്തുകയാണുണ്ടായതെന്ന് മയൂര്‍നാഥ് പോലീസിനോട് പറഞ്ഞു. ഇതിനു വേണ്ടി വിവിധ രാസവസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിക്കുകയായിരുന്നു.യാതൊരു കുറ്റബോധവുമില്ലാതെയാണ് മയൂര്‍നാഥ് വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്നും താന്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി