റിയാദ് - ഈ വർഷം മെയ് ആദ്യം മുതൽ ഡിസംബർ അവസാനം വരെ അസംസ്‌കൃത എണ്ണ ഉൽപാദനത്തിൽ സ്വമേധയാ കുറവ് വരുത്താൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, ഖസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഒപെക് പ്ലസ് സഖ്യത്തിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളാണ് പ്രതിദിനം 1.649 ദശലക്ഷം ബാരൽ വീതം സ്വമേധയാ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
അഞ്ചു ലക്ഷം ബാരലാണ് മെയ് മുതൽ ഉൽപാദനത്തിൽ കുറവു വരുത്തുകയെന്ന് സൗദി ഊർജ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. ഒപെക് പ്ലസ് രാജ്യങ്ങളുടെ സഹകരണ പ്രഖ്യാപനത്തെ തുടർന്നാണിത്.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് ഒപെക്, ഒപെക് പ്ലസ് രാജ്യങ്ങളുടെ 33 ാം മന്ത്രിതല യോഗത്തിൽ ഉൽപാദനം കുറക്കാൻ തീരുമാനിച്ചതിന് പുറമേയാണിത്. എണ്ണ വിപണി സ്ഥിരത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റഷ്യയും അഞ്ചു ലക്ഷം ബാരൽ കുറക്കുമെന്ന് ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് പറഞ്ഞു. ഇറാഖ് 21,100 ബാരലും യു.എ.ഇ 1,44,000 ബാരലും കുവൈത്ത് 1,28,000 ബാരലും ഉൽപാദനം വെട്ടിക്കുറക്കും.