കോഴിക്കോട് - കോഴിക്കോട്ട് ട്രെയിനിന് തീ കൊളുത്തിയ അക്രമിയെ യാത്രക്കാർ സഹായിച്ചതായി ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ യാത്രക്കാരനായിരുന്ന കണ്ണൂർ സ്വദേശി എം ജോയിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഏഷ്യാനെറ്റ് ചാനലിന്റെ ന്യൂസ് അവറിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആക്രമണം നടന്ന ട്രെയിനിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം ചേർത്തലയിൽ നിന്ന് കണ്ണൂരേക്ക് വരികയായിരുന്നു ജോയി. അപകടമുണ്ടായ ഡി വൺ കോച്ചിനോട് ചേർന്ന് ഡി റ്റു കോച്ചിന്റെ ആദ്യത്തെ സീറ്റുകളിലായിരുന്നു ഇവരുടെ ഇരിപ്പിടം.
അക്രമിയുടെ കാലിൽ പൊള്ളലേറ്റിരുന്നുവെന്നും എന്നാൽ ഇയാൾ അക്രമിയാണെന്ന് അറിയാതെ രക്ഷപ്പെടുത്താൻ യാത്രക്കാർ സഹായിക്കുകയായിരുന്നുവെന്നും ജോയി ന്യൂസ് അവറിൽ വ്യക്തമാക്കി.
സംഭവം നടന്നത് ഡി വൺ കോച്ചിന്റെ അവസാന ഭാഗത്താണ്. വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ വലിയൊരു അഗ്‌നിഗോളമാണ് കണ്ടത്. ഷോർട്ട് സർക്യൂട്ട് മൂലമോ മറ്റോ കോച്ച് കത്തുകയാണെന്നാണ് ആദ്യം കരുതിയത്. ആളുകൾ പരിഭ്രാന്തരാകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ തീ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. ദേഹത്ത് തീ പിടിച്ച് പൊള്ളലേറ്റ ആളെ ബാത്‌റൂമിനുള്ളിലേക്ക് ആരോ കയറ്റി. പിന്നീടാണ് കാലിൽ തീ പടർന്ന ഒരാൾ നടന്നു വരുന്നത് കണ്ടത്. നമ്മൾ കരുതിയത് പൊള്ളലേറ്റ ആളാണ് വരുന്നതെന്നാണ്. അയാളുടെ മുഖം ശരിക്ക് കണ്ടില്ല. കാൽ കത്തിയിട്ട് നടന്നുവരുന്നതാണ് കണ്ടത്. കാലിലെ തീ അണഞ്ഞ്, അയാൾ പോയതിന് ശേഷം മാത്രമാണ് അറിയുന്നത് അയാളാണ് തീ കൊളുത്തിയതെന്ന്. സംഭവം നടന്ന് അധികം താമസിയാതെ ഇയാളെ കാണാതായി. പിന്നീട് സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് എല്ലാവരും നടത്തിയതെന്നും ജോയ് വ്യക്തമാക്കി.
ചങ്ങല വലിച്ചു വണ്ടി നിർത്തി പുറത്തേക്ക് ചാടാൻ നോക്കിയപ്പോൾ മുന്നിൽ വലിയ പുഴയാണ് കണ്ടത്. തുടർന്ന് ആളുകൾ പുഴയിൽ വീഴാതിരിക്കാനായി വാതിലുകൾ ലോക്ക് ചെയ്തു. അപ്പോഴേക്കും തീ അണഞ്ഞ് പുക മാത്രമായിരുന്നു. പൊള്ളലേറ്റ ആളെ കുപ്പി വെള്ളം ഉപയോഗിച്ച് വരെ ആളുകൾ തീയണച്ചിട്ടുണ്ടെന്നും ജോയി പറഞ്ഞു. പത്ത് മിനിറ്റിന് ശേഷമാണ് റെയിൽവേയിലെ ആളുകൾ എത്തിയത്. ആളുകളെ ബെഡ്ഷീറ്റിൽ കിടത്തിയാണ് പുറത്തിറക്കിയത്. കത്തിച്ചാമ്പലാകും അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങിമരിക്കും എന്നാണ് കരുതിയത്. ഇപ്പോഴും ആ ഞെട്ടലിൽ നിന്നും മോചിതരായിട്ടില്ലെന്നും ജോയി വേദനയോടെ പറഞ്ഞു.