കൊച്ചി- എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തി വന്നിരുന്ന സംഘത്തിലെ നാല് പേര്‍ കൂടി എക്‌സൈസിന്റെ പിടിയിലായി.
മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സ്വദേശി സീനത്ത് മന്‍സില്‍ മുഹമ്മദ് ഇര്‍ഫാന്‍ (21), മട്ടാഞ്ചേരി കല്‍വര്‍ത്തി സ്വദേശി പനച്ചിക്കല്‍ വീട്ടില്‍ ആഷിദ് അഫ്‌സല്‍ (22), ഉടുമ്പന്‍ ചോല കട്ടപ്പന സ്വദേശി മുട്ടത്ത് വീട്ടില്‍ തോമസ് സാബു (തോമാ- 25), ഇടുക്കി കാഞ്ചിയാര്‍ നരിയമ്പാറ സ്വദേശി പുളിക്കമാക്കല്‍ വീട്ടില്‍ അജേഷ് (23) എന്നിവരാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ആറ് ഗ്രാമോളം എം. ഡി. എം. എ. പിടിച്ചെടുത്തു.
ഇവര്‍ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാറും ഒരു ന്യൂജനറേഷന്‍ ബൈക്കും അഞ്ച് സ്മാര്‍ട്ട് ഫോണുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഇതിലൂടെ 'ജോമോന്‍' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു ഇവര്‍ മയക്കുമരുന്ന് കൈമാറ്റം ചെയ്തിരുന്നത്. ഒരിക്കലും ഇവര്‍ മയക്ക് മരുന്നുകളുടെ പേര് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നില്ല. കോഡിലൂടെയാണ് മയക്ക് മരുന്ന് വിതരണം നടത്തിയിരുന്നത്.
ഇതോടെ ഒരു മാസത്തിനിടെ ഇവരുടെ ഗ്രൂപ്പില്‍ നിന്ന് ഒരു വനിതയടക്കം 14 പേരാണ് എക്‌സൈസ് സ്‌പെഷ്യല്‍ അക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 50 ഗ്രാമോളം എം. ഡി. എം. എയും മയക്ക് മരുന്ന് കടത്തുവാന്‍ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും നാല് ന്യൂജനറേഷന്‍ ബൈക്കുകളും മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന 15 സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
മുഹമ്മദ് ഇര്‍ഫാന്‍, തോമസ് സാബു എന്നിവര്‍ ചേര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ചശേഷം റൂം വാടകക്കെടുത്ത് ആഷിദിന്റെയും അജേഷിന്റെയും സഹായത്തോടുകൂടി എറണാകുളം നഗരത്തില്‍ മയക്ക് മരുന്നുകള്‍ വിറ്റഴിക്കുകയാണ് പതിവ്. കാര്‍ റൈഡിങ്, ബൈക്ക് സ്റ്റണ്ടിങ്ങ് എന്നിവയില്‍ പ്രാവീണ്യമുള്ള ഇവര്‍ ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന ലൊക്കേഷനുകളില്‍ മയക്കുമരുന്ന് എത്തിച്ച ശേഷം ശരവേഗത്തില്‍ കുതിച്ചു പാഞ്ഞ് പോകും.
മയക്കു മരുന്ന് കേസില്‍ പിടിക്കപ്പെട്ട് ഏഴ് മാസത്തോളം റിമാന്റില്‍ കഴിയുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ഈ അടുത്ത് ജാമ്യത്തില്‍ ഇറങ്ങിയശേഷം വീണ്ടും മയക്ക്മരുന്ന് ഇടപാട് നടത്തുന്നതിനിടെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സൂപ്പര്‍ ബൈക്കില്‍ കറങ്ങി നടന്ന് നഗരത്തില്‍ മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്ന ഇവരുടെ തലവനും കൂട്ടാളികളും എക്‌സൈസ് സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായി റിമാന്റില്‍ ആയതിനെ തുടര്‍ന്ന് ഇവര്‍ നാലുപേരും തലവനെ പിന്തുണച്ച് ആവശ്യക്കാര്‍ക്ക് മുടങ്ങാതെ കൃത്യമായി മയക്ക് മരുന്ന് എത്തിച്ച് കൊടുത്ത് വരുകയായിരുന്നു.
ബാഗ്ലൂരില്‍ നിന്ന് രാസലഹരി എത്തിക്കഴിഞ്ഞാല്‍ 'ജോമോന്‍ ഓണ്‍ ആയിട്ടുണ്ട്' എന്ന കോഡ് സമൂഹ മാധ്യമങ്ങളിലെ ഇവരുടെ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചുകൊണ്ടാണ് ആവശ്യക്കാരുടെ പക്കലേക്ക് ഇവര്‍ രാസലഹരി എത്തിച്ചിരുന്നത്. 'ജോമോന്‍' എന്ന കോഡില്‍ നഗരത്തില്‍ മയക്ക് മരുന്ന് വിതരണം നടത്തുന്ന സംഘത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ആക്ഷന്‍ ടീം ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.
കൊച്ചി പനമ്പിള്ളി നഗറില്‍ മനോരമ ജംഗ്ഷന് സമീപം് മയക്കുമരുന്ന് കൈമാറുന്നതിനായി ആഡംബര കാറില്‍ എത്തിയ മുഹമ്മദ് ഇര്‍ഫാനെയും തോമസ് സാബുവിനെയും അജേഷിനെയും എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ലൊക്കേഷന്‍ പ്രകാരം മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന ഇവരുടെ പങ്കാളിയായ ആഷിദ് അഫ്‌സലിനെ കലൂര്‍ സ്റ്റേഡിയം ഭാഗത്തുനിന്നും മയക്കുമരുന്നമായി എക്‌സൈസ് പിടികൂടി. മാരക ലഹരിയില്‍ ആയിരുന്നു ഇവരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പ്പെടുത്താനായത്.
ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി കട്ടപ്പന ഭാഗത്തേക്ക് വന്‍തോതില്‍ മയക്ക് മരുന്ന് കടത്തിയിരുന്ന തോമ എന്ന തോമസ് സാബു എന്നയാള്‍ ഇടുക്കി എക്‌സൈസിന്റെ പക്കല്‍ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു നടക്കുകയായിരുന്നു.
ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായിട്ടുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത് കുമാര്‍, എം. ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ. എന്‍. ഡി. ടോമി, സി. ഇ. ഒ. ടി. പി. ജെയിംസ്, കെ. കെ. മനോജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത് ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.