കോഴിക്കോട് / കണ്ണൂർ - കോഴിക്കോട്ട് ട്രെയിനിൽ തീവെച്ചതിനെ തുടർന്നുണ്ടായ അപായത്തിൽ മരിച്ച കണ്ണുർ മട്ടന്നൂർ സ്വദേശിനിയായ റഹ്മത്തി(45)ന്റേയും കോടോളിപ്രം സ്വദേശി നൗഫീഖി(50)ന്റെയും മൃതദേഹം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫീഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലുമാണ് ഖബറടക്കിയത്. നാടിനെ ഞെട്ടിച്ച ദുരന്തത്തിൽ വിങ്ങുന്ന മനസ്സുമായാണ് വിശ്വാസികൾ ഇരുവരെയും യാത്രയാക്കാനും ഒരു നോക്ക് കാണാനും പ്രാർത്ഥിക്കാനമായി ഒഴുകിയെത്തിയത്.
നൗഫീഖിന്റെ മൃതദേഹം വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദർശനത്തിനെത്തിച്ചിരുന്നു. നിരവധി പേരാണ് അവസാനമായി കാണാൻ വിശ്രമകേന്ദ്രത്തിലെത്തിയത്. പൊതുദർശനത്തിന് ശേഷം മൃതദേഹം കോടോളിപ്പുറത്തെ വീട്ടിലും പൊതുദർശനത്തിന് വെച്ചിരുന്നു. ഭാര്യ ബുഷ്‌റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്.
ഞായറാഴ്ച മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത ആക്കോട്ട് നോമ്പുതുറക്ക് പോയതായിരുന്നു നൗഫീഖ്. നോമ്പ് തുറന്നതിന് ശേഷം തിരിച്ചു കൊഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് കണ്ണൂരിലേക്ക് ട്രെയിൻ കയറിയതായിരുന്നു. ഭാര്യാ സഹോദരനോട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചെങ്കിലും നൗഫീഖ് ട്രെയിൻ ദുരന്തത്തിൽ പെടുകയായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയുള്ള വേർപാട് ബന്ധപ്പെട്ടവർ അറിഞ്ഞത്. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്ന നൗഫീഖിന്റെ വിയോഗം താങ്ങാനാവാത്ത സ്ഥിതിയിലാണ് നാടും കുടുംബവും.
മട്ടന്നൂർ സ്വദേശിനിയായ റഹ്മത്തിനും നോമ്പ് തുറന്ന് സഹോദരിയുടെ രണ്ടുവയസ്സുള്ള കുഞ്ഞുമായുള്ള മടക്കയാത്രയാണ് അന്ത്യയാത്രയായത്. കരഞ്ഞുകലങ്ങിയ കണ്ണുമായാണ് കുടുംബം ഇരുവരുടെയും ചേതനയറ്റ മുഖം അവസാനമായി കണ്ടത്. കുഞ്ഞുസഹറയുടെ ഉപ്പ ഉംറയ്ക്കായി വിശുദ്ധ ഭൂമിയിൽ കഴിയുന്ന നിമിഷത്തിലാണ് അപകടം അറിഞ്ഞത്. തുടർന്ന് മദീനയിൽനിന്ന് ഇന്ന് നാട്ടിലെത്തിയാണ് അന്ത്യകർമങ്ങളിൽ പങ്കെടുത്തത്. വിശുദ്ധ റമദാനിന്റെ പുണ്യനാളിൽ ക്ഷമിക്കാനും പ്രാർത്ഥിക്കാനും മനസ്സിനെ കൂടുതൽ പാകപ്പെടുത്തിയാണ് എല്ലാവരും ദു:ഖസാന്ദ്രമായ നിമിഷങ്ങളെ സ്വികരിച്ചത്.