മക്ക- വിശുദ്ധ ഹറമിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ സൈനികർക്ക് പ്രചോദനവും പ്രോത്സാഹനവുമായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ സന്ദർശനം. ഉംറ തീർഥാടകരെയും വിശ്വാസികളെയും സേവിക്കുകയും വിശുദ്ധ ഹറമിൽ സുരക്ഷിത സാഹചര്യം ഒരുക്കുകയും ചെയ്യുന്ന സുരക്ഷാ സൈനികരെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ ആഭ്യന്തര മന്ത്രി അറിയിച്ചു.
വിശുദ്ധ ഹറമിൽ ഉംറ തീർഥാടകരുടെയും വിശ്വാസികളുടെയും നീക്കങ്ങൾ നിയന്ത്രിക്കുന്നതിനും കടുത്ത തിരക്ക് കൈകാര്യം ചെയ്യുന്നതിനും ഹറം സുരക്ഷാ സേന നടപ്പാക്കുന്ന പദ്ധതികൾ മുതിർന്ന ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു. വിശുദ്ധ ഹറമിനോട് ചേർന്ന പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്ത് ഉംറ സുരക്ഷാ സേനാ മേധാവികളെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു. സുരക്ഷാ സൈനികർക്കൊപ്പം അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഇഫ്താറിലും പങ്കെടുത്തു.
ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദ്, ആഭ്യന്തര സഹമന്ത്രി ജനറൽ സഈദ് അൽഖഹ്താനി, ഹറം സുരക്ഷാ സേനാ മേധാവി ജനറൽ ഖാലിദ് അൽഹർബി, സുരക്ഷാ കാര്യങ്ങൾക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമുഹന്ന തുടങ്ങിയവർ ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.
മക്ക പ്രവിശ്യയിലെ സുരക്ഷാ വകുപ്പുകളുടെ ഏകീകൃത കൺട്രോൾ റൂമും (911) ആഭ്യന്തര മന്ത്രി സന്ദർശിച്ചു. ദേശീയ സുരക്ഷാ കൺട്രോൾ സെന്റർ മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽസ്വാലിഹും കൺട്രോൾ സെന്റർ മേധാവികളും അദ്ദേഹത്തെ സ്വീകരിച്ചു. സൗദി പൗരന്മാരുടെയും വിദേശികളുടെയും പരാതികൾ 24 മണിക്കൂറും സ്വീകരിക്കുന്ന ഏകീകൃത കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും ആഭ്യന്തര മന്ത്രി വിലയിരുത്തി. ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഭാഷകൾ സംസാരിക്കുന്ന പുരുഷ, വനിതാ ജീവനക്കാർ കൺട്രോൾ സെന്ററിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. വിശുദ്ധ റമദാനിൽ പ്രതിദിനം ശരാശരി 57,000 പരാതികളും കോളുകളും കൺട്രോൾ സെന്ററിൽ ലഭിക്കുന്നുണ്ടെന്ന് മേജർ ജനറൽ അബ്ദുറഹ്മാൻ അൽസ്വാലിഹ് ആഭ്യന്തര മന്ത്രിയെ അറിയിച്ചു.