- ഹജ് സീസണിൽ ജോലി ആവശ്യാർഥം മക്കയിലേക്ക് പോകുന്നവർക്ക് ഓൺലൈൻ ആപ്ലിക്കേഷൻ
മക്ക- ജവാസാത്ത് ഡയറക്ടറേറ്റ് ഏതാനും പുതിയ ഓൺലൈൻ സേവനങ്ങൾ കൂടി ആരംഭിച്ചു. മക്കയിലെ തന്റെ ഓഫീസിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു.
വിരലടയാളം, ഫോട്ടോ എന്നിവ വേഗത്തിലും എളുപ്പത്തിലും പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ള ആപ്ലിക്കേഷൻ, ഹജ് സീസണിൽ ജോലി ആവശ്യാർഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിദേശികൾക്കുള്ള ഇ-പെർമിറ്റുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
ഇതുവരെ ഹജ് സീസണുകളിൽ ജോലി ആവശ്യാർഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പോകേണ്ട വിദേശികൾക്ക് ജവാസാത്ത് ഡയറക്ടറേറ്റ് പേപ്പർ പെർമിറ്റാണ് നൽകിയിരുന്നത്. ജവാസാത്തിന്റെ ഓൺലൈൻ സേവനമായ
മുഖീം വഴിയാണ് തൊഴിലാളികൾക്കുള്ള ഇ-പെർമിറ്റ് സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും നേടേണ്ടത്.
ജവാസാത്ത് ഉദ്യോഗസ്ഥരുടെ പേപ്പർ രഹിത ഓഫീസ് നടപടിക്രമങ്ങൾക്കുള്ള ആപ്ലിക്കേഷൻ, വിദേശികളും യാത്രക്കാരും ഹജ്, ഉംറ സീസണുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ നിരീക്ഷിക്കുന്നതിന് ജവാസാത്ത് പുറത്തിറക്കിയ നവീന സംവിധാനങ്ങൾ എന്നിവയും ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു.
സൗദി പൗരന്മാരുടെയും വിദേശികളുടെയും സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് ലക്ഷ്യമിട്ട് നിരവധി സേവനങ്ങൾ അടുത്ത കാലത്ത് ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്.