ജിദ്ദ- കഴിഞ്ഞ ഒരു വർഷത്തിനിടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഇഖാമ കാലാവധി കഴിഞ്ഞതും ഹുറൂബ് ആയതുമായ നാലായിരത്തോളം പേർക്ക് എക്‌സിറ്റ് ലഭ്യമാക്കിയതായി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിന്മേലും ഇതിനകം തീർപ്പു കൽപ്പിക്കാനായതായി അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകർക്കായി വസതിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
50,000 പാസ്‌പോർട്ടുകൾ കഴിഞ്ഞ വർഷം കോൺസുലേറ്റിൽനിന്ന് ഇഷ്യു ചെയ്തതായി കോൺസൽ ജനറൽ പറഞ്ഞു. കൂടാതെ 5000 വിസകളും 5000 എമർജൻസി സർട്ടിഫിക്കറ്റുകളും പതിനായിരത്തിലേറെ അറ്റസ്‌റ്റേഷൻ നടപടികളും നടത്താനും കോൺസുലേറ്റിനു സാധിച്ചു. തൊഴിൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട 604 പരാതികളിൽ 325 പരാതികളും പരിഹരിക്കപ്പെട്ടു. മറ്റുള്ള പരാതികളിൽ എത്രയും വേഗം പ്രശ്‌ന പരിഹാരത്തിനായുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിനുള്ളിൽ നടത്തിയ ഓപ്പൺ ഹൗസുകളിലൂടെ 500 പേർക്ക് മൂൻകൂട്ടിയുള്ള അനുമതിയില്ലാതെ കോൺസുലേറ്റിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ട് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നതിനു അവസരമൊരുക്കി. ഇതിനു പുറമെ നാനൂറോളം പേർ ഓൺലൈനിൽ ഇന്ത്യക്കകത്തും സൗദിയിൽനിന്നും ബന്ധപ്പെട്ട് പ്രശ്‌നങ്ങൾക്കു പരിഹാരം തേടിയിരുന്നു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് 6.5 ലക്ഷം റിയാലിന്റെ സഹായവും ഇക്കാലയളവിൽ അർഹരായവർക്ക് നൽകി. കഴിഞ്ഞ വർഷം ജിദ്ദ കോൺസുലേറ്റ് പരിധിയിൽ 1126 പേരാണ് മരണമടഞ്ഞത്. ഇതിൽ 926 പേരുടെ മൃതദേഹങ്ങൾ ഇവിടെ അടക്കുന്നതിനും 197 മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുന്നതിനും ആവശ്യമായ എൻ.ഒ.സി നൽകി. കൂടാതെ സൗദിയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരമായ 3,72,25,807 രൂപ സൗദി കോടതികളിൽനിന്നു ലഭ്യമാക്കുന്നതിനും കഴിഞ്ഞതായി സി.ജി വെളിപ്പെടുത്തി.