കൊണ്ടോട്ടി - രാഹുല്‍ ഗാന്ധി വിളിച്ച് പറഞ്ഞ സത്യങ്ങള്‍ കുഴിച്ച് മൂടി അതിന് മീതേ വെക്കാന്‍ പറ്റിയ മീസാന്‍ കല്ലുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരേയും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിംലിഗ് കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിലും ജോഡോ യാത്രയിലും കേന്ദ്രസര്‍ക്കാരിനെതിരേ രാഹുല്‍ഗാന്ധി വിളിച്ചു പറഞ്ഞ സത്യങ്ങളാണ് അദ്ദേഹം ബി.ജെ.പിക്ക് ഏറ്റവും വലിയ ശത്രുവായത്. രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനത്തെ നിങ്ങള്‍ക്ക് തെറുപ്പിക്കാനായേക്കാം. എന്നാല്‍ അദ്ദേഹം വിളിച്ചു പറഞ്ഞ സത്യങ്ങളെ മൂടിവെക്കാനാവില്ല. ഇന്ന് ലോകം ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ സത്യങ്ങളാണ്.അദ്ദേഹത്തെ പിടിച്ചു കെട്ടാനുള്ള തന്ത്രമാണിത്. ഫാസിസ്റ്റ് കോര്‍പ്പറേറ്റുകളുടെ പദ്ധതിയാണ് ഭരണകൂടം രാജ്യത്ത് നടപ്പിലാക്കുന്നതെന്നും അതിന്റെ അവസാന ഉദാഹരണമാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടന്ന നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ കാര്യങ്ങള്‍പോലും ഊതി വീര്‍പ്പിച്ച് ഭരണകൂടം ഇരകളെ വേട്ടയാടുകയാണ്. ഇവരില്‍ നിന്നും രക്ഷതേടി രാജ്യം ഇന്ന് മറ്റൊരു സ്വാതന്ത്ര്യ സമരത്തിനുള്ള തയാറെടുപ്പിലാണ്.ഈ പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സത്യത്തിനൊപ്പമുണ്ട്.ഈ പോരാട്ടത്തിന് കരുത്ത് പകരേണ്ടത് ഒരോ ഭാരതീയന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി.