മക്ക - ആഭ്യന്തര ഹജ് തീർഥാടകർക്ക് നീക്കിവെച്ചതിൽ 40,000 സീറ്റുകൾ ഇനിയും കാലിയാണെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് വെളിപ്പെടുത്തി. ഹജ് രജിസ്‌ട്രേഷനുള്ള ഇ-പോർട്ടൽ ദുൽഖഅ്ദ അവസാനം വരെ തുറന്നുകിടക്കും. ആഭ്യന്തര ഹജ് തീർഥാടകരുടെ ആദ്യ ഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ജീവിതത്തിൽ ഇതുവരെ ഹജ് നിർവഹിക്കാത്തവർക്കാണ് ആദ്യ ഘട്ടത്തിൽ ഹജ് രജിസ്‌ട്രേഷന് അവസരം നൽകിയത്. ആകെ സീറ്റുകളിൽ 75 ശതമാനത്തോളം ആദ്യ ഘട്ടത്തിൽ തീർന്നെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ജനുവരിയിലാണ് ആദ്യ ഘട്ട ഹജ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഹജ്, ഉംറ മന്ത്രാലയ പോർട്ടലും നുസുക് ആപ്പും വഴി ഹജ് രജിസ്‌ട്രേഷന് അവസരമുണ്ട്. ആദ്യ ഘട്ടം അവസാനിച്ചതോടെ രണ്ടാം ഘട്ട രജിസ്‌ട്രേഷന് തുടക്കമായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹജ് കർമം നിർവഹിക്കാത്തവർക്കാണ് ഈ ഘട്ടത്തിൽ ഹജ് രജിസ്‌ട്രേഷന് അവസരമുള്ളത്. ആദ്യ ഘട്ടത്തിൽ പ്രാബല്യത്തിലുണ്ടായിരുന്ന അതേ വ്യവസ്ഥകളാണ് രണ്ടാം ഘട്ട രജിസ്‌ട്രേഷനും നിലവിലുള്ളത്. എന്നാൽ ഈ ഘട്ടത്തിൽ ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്കുള്ള മുൻഗണന ബാധകമാക്കും. ആദ്യ ഘട്ടത്തിൽ ഈ വ്യവസ്ഥ ബാധകമായിരുന്നില്ല. ഇനിയും 25 ശതമാനം സീറ്റുകൾ കാലിയാണ്.
ഹജിന് അപേക്ഷിക്കുന്നവരുടെ പ്രായം 12 ൽ കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകരുടെ പക്കൽ ചുരുങ്ങിയത് ദുൽഹജ് അവസാനം വരെ കാലാവധിയുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണം. രജിസ്റ്റർ ചെയ്തവർ വാക്‌സിൻ വ്യവസ്ഥകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പവരുത്തി ശവ്വാൽ 15 മുതൽ ഹജ് പെർമിറ്റുകൾ അനുവദിച്ചു തുടങ്ങും. കോവിഡ്-19, മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫഌവൻസ വാക്‌സിനുകളാണ് തീർഥാടകർ എടുക്കേണ്ടത്. ഹജ് അപേക്ഷകർ നല്ല ആരോഗ്യവാന്മാരും ഗുരുതരമായ മാറാരോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും മുക്തരുമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഒരു അപേക്ഷകനു കീഴിൽ പതിമൂന്നു വരെ ആശ്രിതരെ ഉൾപ്പെടുത്താൻ കഴിയും. എന്നാൽ ഇവരെല്ലാവരും ഒരേ പാക്കേജായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വനിതാ അപേക്ഷകർക്കൊപ്പമുള്ള മഹ്‌റമിനെ അഞ്ചു വർഷത്തിനിടെ ഹജ് നിർവഹിച്ചവരാകാൻ പാടില്ല എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കും. ഇതിന് പ്രത്യേകം അപേക്ഷ നൽകണം. ആഭ്യന്തര തീർഥാടകർക്ക് നാലു പാക്കേജുകളാണുള്ളത്.
മറ്റൊരു ബുക്കിംഗിന് ഉപയോഗിക്കാത്ത മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷകർ നേരിട്ടാണ് ഹജിന് രജിസ്റ്റർ ചെയ്യേണ്ടത്. മധ്യവർത്തികളും ഏജന്റുമാരും മുഖേനയുള്ള ഹജ് അപേക്ഷകൾ സ്വീകരിക്കില്ല. ബുക്കിംഗ് നടപടികൾ എളുപ്പമാണ്. ഓട്ടോമാറ്റിക് ആയി രജിസ്‌ട്രേഷൻ റദ്ദാക്കപ്പെടാതിരിക്കാൻ ബുക്ക് ചെയ്ത് 72 മണിക്കൂറിനികം സദ്ദാദ് പെയ്‌മെന്റ് സംവിധാനം വഴി പണമടക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ശവ്വാൽ പതിനഞ്ചു മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി അപേക്ഷകർ ഹജ് പെർമിറ്റിന്റെ പ്രിന്റൗട്ട് എടുക്കണം. ഹജ് പെർമിറ്റ് നമ്പർ അപേക്ഷകർക്ക് എസ്.എം.എസ്സ് ആയി ലഭിക്കും. ഹജ് ബുക്കിംഗ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള ഇ-ട്രാക്കിന്റെ മെയിൻ പേജിൽ ലഭ്യമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഹജിന് ബുക്ക് ചെയ്ത് പാക്കേജ് പ്രകാരമുള്ള ഇൻവോയ്‌സ് അനുസരിച്ച പണം അടച്ച ശേഷം ആശ്രിതരെ ബുക്കിംഗിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ ആശ്രിതർക്കു വേണ്ടി വേറിട്ട ബുക്കിംഗ് പൂർത്തിയാക്കുകയാണ് വേണ്ടത്. പാക്കേജ് അനുസരിച്ച ഗഡുക്കൾ പൂർണമായും അടച്ച ശേഷം മാത്രമേ അബ്ശിർ പ്ലാറ്റ്‌ഫോമിൽ ഹജ് ബുക്കിംഗ് സ്റ്റാറ്റസ് കൺഫേം ആവുകയുള്ളൂവെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.