കോഴിക്കോട് - കോഴിക്കോട്ടെ ട്രെയിൻ തീവെപ്പിന് പിന്നിൽ വിധ്വംസക ശക്തികളുണ്ടോ എന്നത് കൃത്യമായി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നാടിനെയാകെ നടുക്കിയ ദുരന്തമാണ് എലത്തൂരിൽ ഉണ്ടായത്.
കേരളത്തിൽ തീവണ്ടിക്കകത്ത് ഇത്രയും വലിയ തോതിലുള്ള ആക്രമണം നടക്കുന്നത് ഇതാദ്യമാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനില്ക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വിധ്വംസക ശക്തികൾ ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചോ എന്നതാണ് ആശങ്കപ്പെടുന്നത്. ഏതെങ്കിലും ഒരു വ്യക്തി മാത്രമാണോ അതോ മറ്റു ശക്തികൾ ഇതിനു പിന്നിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കാര്യക്ഷമമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. മൂന്നുപേർ മരിക്കുകയും യാത്രക്കാർക്ക് പരുക്കേല്ക്കുകയും ചെയ്തത് നടുക്കുന്ന സംഭവമാണ്. സത്യം തെളിയുന്നതുവരെ നിഗമനങ്ങളിലേക്ക് പോകാൻ സാധിക്കില്ല. പക്ഷേ, സത്യം പുറത്തുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. എല്ലാ അന്വേഷണ ഏജൻസികളും സംയുക്തമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് പി രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ തുടങ്ങിയവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.