കോഴിക്കോട് - ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന് തീവെച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാൾ അക്രമിയല്ലെന്ന് പോലീസ്. ഇയാൾ കാപ്പാട് സ്വദേശിയാണെന്നും സംഭവം നടന്ന് ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്നും പോലീസ് പറഞ്ഞു.
ബാഗും ഫോണും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാൾ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലിയ പോലീസ് സന്നാഹവും ആൾക്കൂട്ടവും ഉള്ളിടത്ത് അക്രമി രണ്ട് മണിക്കൂറോളം നിൽക്കാൻ സാധ്യതയില്ലെന്നും പറയുന്നു. ഇതോടെ റെയിൽവേ പാളത്തിൽനിന്ന് കണ്ടെത്തിയ ബാഗും മറ്റു രേഖകളും ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആൾ തന്നെയാകും അക്രമി എന്ന നിഗമനത്തിലേക്കാണ് വീണ്ടും പോലീസ് അന്വേഷണം.
അതിനിടെ, അക്രമിയെ കുറിച്ച് നിർണായക വിവരങ്ങൾ ട്രെയിനിലുണ്ടായിരുന്ന പൊള്ളലേറ്റ കണ്ണൂർ സ്വദേശി റാസിഖ് ഉൾപ്പെടെയുള്ളവർ പോലീസുമായി പങ്കുവെച്ചിട്ടുണ്ട്. കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതിയെ ഉടൻ പിടികൂടാനാണ് പോലീസ് ശ്രമം. ജില്ലയിലെ മുഴുവൻ സി.ഐമാരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാഡോ, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്തിയ സിറ്റി പോലീസ് കമ്മിഷണർ ആശുപത്രികൾ ലോഡ്ജുകൾ ഹോട്ടൽ മുറികൾ തുടങ്ങി നഗരത്തിലും മറ്റും വ്യാപക പരിശോധന നടത്താൻ നിർദേശം നല്കിയിട്ടുണ്ട്.