തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ശമ്പള രഹിത സേവനം എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടര്‍ അഖിലയെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കിയത്. വൈക്കം ഡിപ്പോയില്‍ നിന്ന് പാലായിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയിരുന്നത്. ഇത് വിവാദമായതോടെയാണ് സ്ഥലംമാറ്റ നടപടി പിന്‍വലിച്ചത്. അതേസമയം, ഡ്യൂട്ടിക്കിടയില്‍ അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഖിലയ്ക്കെതിരായ നടപടി പരിശോധിക്കുമെന്നും സ്ഥലം മാറ്റിയത് താഴേത്തട്ടില്‍ എടുത്ത തീരുമാനം മാത്രമാണെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.