കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ ശേഷം രക്ഷപ്പെട്ട അക്രമിയുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു. സംഭവത്തിലെ ദൃക്‌സാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയെക്കുറിച്ച് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കുമെന്നും ഡി ജി പി അനില്‍ കാന്ത് പറഞ്ഞു. അന്വേഷണത്തിന് നേരിട്ട് മേല്‍ നോട്ടം വഹിക്കനായി ഡി. ജി പി കണ്ണൂരിലേക്ക് പോയിട്ടുണ്ട്. ഇതുവരെയുള്ള സൂചനകള്‍ വെച്ച് അന്യസംസ്ഥാന തൊഴിലാളിയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ചുവന്ന ഷര്‍ട്ടും പാന്റും ധരിച്ചആളാണ് ട്രെയിനിലെ ഡി വണ്‍ കോച്ചില്‍ തീയിട്ടതെന്ന് ഈ കോച്ചിലുണ്ടായിരുന്നവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രീയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ രക്ഷപ്പെട്ട് റോഡിലേക്കെത്തുന്നതും ഫോണ്‍ വിളിക്കുന്നതും ഏതാനും നിമിഷങ്ങള്‍ക്കം ഒരു ബൈക്ക് എത്തി അതില്‍ കയറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ മുതുകത്ത് ഒരു ബാഗും കാണുന്നുണ്ട്. കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുമോയെന്ന പരിശോധനയിലാണ് പോലീസ്.