കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോളും ചില ലഘുലേഖകളും മൊബൈല്‍ ഫോണും കണ്ടെടുത്തു. ഹിന്ദിയില്‍ എഴുതിയ കുറിപ്പും ചില സ്ഥലപ്പേരുകള്‍ എഴുതിയ കടലാസും ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ട്രാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് ബാഗ് കണ്ടെടുത്തത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. ബാഗ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അക്രമിയുടെ അവ്യക്തമായ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനപ്പുറം ഇയാളെക്കുറിച്ച് മറ്റ് സൂചനകളൊന്നും പോലീസിന് കിട്ടിയിട്ടില്ല. കൃത്യം നടത്തിയ അക്രമി ട്രെയിനില്‍ നിന്നിറങ്ങി റോഡിലേക്ക് എത്തിയ ശേഷം മറ്റൊരാളുടെ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ കൈകാണിക്കാതെയാണ് ബൈക്ക് നിര്‍ത്തിക്കൊടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയിലാണ് ഇയാള്‍ ട്രെയിനില്‍ നിന്നിറങ്ങി റോഡിലേക്ക് വന്നതും ബൈക്കില്‍ രക്ഷപ്പെട്ടതും. വടകര റൂട്ടിലേക്കാണ് ബൈക്ക് പോയതെന്ന സൂചനയും കിട്ടിയിട്ടുണ്ട്. ഇതേതുടര്‍ന്ന് എലത്തൂരില്‍ നിന്ന് കണ്ണൂര്‍ വരെ ദേശീയ പാതയോട് ചേര്‍ന്നുള്ള കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നുണ്ട്.