Sorry, you need to enable JavaScript to visit this website.

ട്രെയിനിന് തീകൊളുത്തിയതിന് പിന്നില്‍ ഗൂഡാലോചന? അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കില്‍

കോഴിക്കോട് - എലത്തൂരില്‍ ട്രെയിനിന് തീകൊളുത്തിയത് കൃത്യമായ ഗൂഡാലോചനയുടെ ഭാഗമെന്ന് സംശയം. കൃത്യം നടത്തിയ അക്രമി ട്രെയിനില്‍ നിന്നിറങ്ങി റോഡിലേക്ക് എത്തിയ ശേഷം മറ്റൊരാളുടെ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ കൈകാണിക്കാതെയാണ് ബൈക്ക് നിര്‍ത്തിക്കൊടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയിലാണ് അക്രമി ട്രെയിനില്‍ നിന്നിറങ്ങി റോഡിലേക്ക് വന്നതും ബൈക്കില്‍ രക്ഷപ്പെട്ടതും. മാത്രമല്ല ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് ട്രെയിനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് രണ്ട് മൊബൈള്‍ ഫോണുകളും പോലീസിന് കിട്ടി. സംഭവത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അക്രമിക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നത്.

എലത്തൂരില്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ട അക്രമി രക്ഷപ്പെട്ടത് പരിഭ്രാന്തരായ യാത്രക്കാര്‍ക്കിടയിലൂടെ നടന്നു പോയ ശേഷം. ഇയാളുടെ കാലില്‍ തീ കത്തുന്നുണ്ടായിരുന്നെന്നും ഡി വണ്‍ കോച്ചില്‍ തീ കൊളുത്തിയ ഉടന്‍ തന്നെ അടുത്ത കോച്ചിലേക്ക് ഇയാള്‍ നടന്നു പോകുകയാണുണ്ടായതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തീപിടിത്തമുണ്ടായ കോച്ചിലെ യാത്രക്കാര്‍ക്ക് പെട്ടെന്നുണ്ടായ പരിഭ്രാന്തിയില്‍ ഇയാളെ തടഞ്ഞുവെക്കാനോ പിടി കൂടാനോ കഴിഞ്ഞില്ല.  അടുത്ത കോച്ചിലെ യാത്രക്കാരാകാട്ടെ ഇയാള്‍ തീപിടിത്തത്തിന് ഇരയായ ആളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ചുവന്ന ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച മെലിഞ്ഞ ശരീരമുള്ള അക്രമി തലയില്‍ തൊപ്പി വെച്ചിരുന്നതായി മറ്റ് യാത്രക്കാര്‍ പറയുന്നു. അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിലച്ച ഉടന്‍ തന്നെ ഇയാള്‍ ട്രെയിനില്‍ നിന്നിറങ്ങി ഇരുട്ടിലേക്ക് മറയുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് അക്രമി ഡി വണ്‍ കോച്ചിലേക്ക് എത്തിയത്. ഇവിടെയെത്തി ഏതാനും സമയത്തിനകം പ്രകോപനമൊന്നുമില്ലാതെ ഇയാള്‍ ബഹളം വെയ്ക്കുകയും ഉടന്‍ കൈയ്യില്‍ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോള്‍ കോച്ചിലെ നിലത്തൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. വലിയ തോതില്‍ തീ ആളുകയും മറ്റ് യാത്രക്കാരുടെ സമീപത്തേക്ക് പടരുകയും ചെയ്തതോടെ യാത്രക്കാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ചിലര്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇങ്ങനെ ചാടിയ മൂന്ന് പേരാണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന രണ്ടര വയസ്സുകാരിയെയുമെടുത്ത് പുറത്തേക്ക് ചാടിയകണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്‌മത്ത് (45),ഇവരുടെ സഹോദരികോഴിക്കോട് ചാലിയം സ്വദേശിജസീലയുടെ മകള്‍ രണ്ടര വയസ്സുകാരി ഷഹ്‌റാമത്ത്, മട്ടന്നൂര്‍ സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അക്രമി റിസര്‍വ്വ് കോച്ചിലേക്ക് കയറിയതെന്ന സൂചനയാണ് മറ്റ് യാത്രക്കാരില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുള്ളത്.

 

Latest News