തിരുവനന്തപുരം - കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു. കിളിമാനൂർ എം.ജി.എം സ്‌കൂളിലെ അധ്യാപിക പാപ്പാല എം.എസ്.എ കോട്ടേജിൽ എം.എസ് അജില (32) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ആര്യനെ (5) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
വാമനപുരത്തെ ബന്ധുവിനെ കാണാൻ മകനുമൊത്ത് സ്‌കൂട്ടറിൽ പോകവെ, ഞായറാഴ്ച വൈകിട്ട് 4.15ന് കിളിമാനൂർ ഇരട്ടച്ചിറയിൽ വച്ചായിരുന്നു അപകടം. എതിരെ വന്ന കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അജില സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.