Sorry, you need to enable JavaScript to visit this website.

ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ കണ്ണൂരിൽ സീൽ ചെയ്തു

- പൊള്ളലേറ്റ്‌ ആശുപത്രിയിലായ ഒരാളുടെ ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി
കണ്ണൂർ -
കോഴിക്കോട്ട് പെട്രോളൊഴിച്ച് തീ കൊളുത്തപ്പെട്ട ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ കണ്ണൂരിൽ സീൽ ചെയ്തു. ട്രെയിൻ രാത്രി 12.30-ഓടെ കണ്ണൂരിലെത്തിയ ശേഷമാണ് റെയിൽവേ പോലീസ് ഡി വൺ, ഡി റ്റു കോച്ചുകൾ സീൽ ചെയ്തത്.
 ട്രെയിനിൽ പെൺകുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അക്രമി പെട്രോളൊഴിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഒൻപത് പേർ പൊള്ളലേറ്റ് ആശുപത്രയിലാണ്. ഇതിൽ അഞ്ചു പേർ കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിലും മൂന്നു പേർ കോഴിക്കോട് ബേബി മെമ്മോറിയിൽ ആശുപത്രിയിലും ഒരാൾ കൊയിലാണ്ടിയിലെ ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ ഐ.സി.യുവിലാണെങ്കിലും രണ്ടു പേരുടെ നില ഗുരുതരമാണ്.
  അതിനിടെ, കൊയിലാണ്ടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റാസിഖ് തന്റെ ഭാര്യ റഹ്മത്തിനെയും കുട്ടിയെയും കാണാനില്ലെന്നു പറഞ്ഞതായി വിവരമുണ്ട്. ഭാര്യയും മകനും ട്രെയിനിൽനിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയെങ്കിലും അവരുടെ കയ്യിൽ ഫോണില്ലാത്തതിനാൽ പിന്നീട് ബന്ധപ്പെടാനോ വിവരമൊന്നും ലഭ്യമാക്കാനും സാധിച്ചിട്ടില്ലെന്ന് പ്രതികരിച്ചു. പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്. തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂർ സ്വദേശിയായ പ്രിൻസ്, പ്രകാശൻ, തലശ്ശേരി കതിരൂർ സ്വദേശിയായ അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തൃശൂർ സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി, കണ്ണൂർ സ്വദേശി റാസിഖ് എന്നിവരാണ് പൊള്ളലേറ്റ് മൂന്ന് ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു.

Latest News