കൊച്ചി- ഐ. എസ്. എല്‍ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളിക്കളം വിട്ടതിന് കേരള ബ്ലാസ്‌റ്റേഴ്‌സും കോച്ച് ഇവാന്‍ വുകൊമനോവിച്ചും മാപ്പ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റ് ക്ഷമാപണം നടത്തിയത്. 'മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്. സിയുമായി നടന്ന നോക്കൗട്ട് മത്സരത്തിലുണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു'- ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയതിന് പിന്നാലെയാണ് മാപ്പുമായി ടീം രംഗത്തെത്തിയത്. ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് പിഴശിക്ഷ വിധിച്ചത്. മൈതാനത്ത് നിന്ന് താരങ്ങളെ തിരികെ വിളിച്ച കോച്ച് ഇവാന്‍ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇവാന്‍ വുകോമനോവിച്ചിന് ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ പ്രവേശന വിലക്ക് ബാധകമാണ്. പരസ്യമായി മാപ്പ് പറയാനും ബ്ലാസ്റ്റേഴ്സിനോട് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചിരുന്നു.