ഇടുക്കി- വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പണിക്കൻകുടി സ്വദേശി സുധീഷിനെ(33) പോലീസ് അറസ്റ്റ് ചെയ്തു. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ(58) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഭാസ്‌കരൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്.
സുധീഷും ഭാര്യയും തമ്മിൽ വഴക്കിടുന്നതിനിടയിൽ ഭാസ്‌കരനും ഭാര്യയും തടസം പിടിക്കുന്നതിനായി എത്തിയതോടെ മദ്യലഹരിയിലായിരുന്ന പ്രതി കോടാലി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം വാഹനവുമായി കടന്നു കളഞ്ഞ സുധീഷിനെ ഇന്നലെ പുലർച്ചെ ഇയാളുടെ പണിക്കൻ കുടിയിലുള്ള വീടിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്.
ഇടുക്കി ഡിവൈ.എസ്.പി ബിനു ശ്രീധറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി സംഭവം നടന്ന വാത്തിക്കുടി ആമ്പക്കാട്ട് വീട്ടിൽ എത്തിച്ചത്.
ഇടുക്കി എസ്.എച്ച്.ഒ ബി. ജയൻ ഉൾപ്പെടെ വൻ പോലീസ് സന്നാഹത്തോടുകൂടിയാണ് പ്രതിയെ സ്ഥലത്ത് കൊണ്ടുവന്നത്. കൃത്യം നടത്തിയ രീതി ഇയാൾ പോലീസിനോട് വിശദീകരിച്ചു. കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന കോടാലി കാണിച്ച് കൊടുത്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി.