- അക്രമി എത്തിയത് രണ്ട് കുപ്പി പെട്രോളുമായെന്ന് യാത്രക്കാരൻ
കോഴിക്കോട് - കോഴിക്കോട് സ്‌റ്റേഷൻ വിട്ടതിനു പിന്നാലെ ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ എലത്തൂരിൽ വച്ചുണ്ടായ തീ കൊളുത്തൽ പെൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണമെന്നും വെളിപ്പെടുത്തൽ. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പാണ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. അക്രമി ട്രെയിനിന്റെ ചങ്ങല വലിച്ച് ഉടൻ രക്ഷപ്പെടുകയാണുണ്ടായതെന്നും പെൺകുട്ടിയെ കൊലപ്പെടുത്താനാണ് ശ്രമമുണ്ടായതെന്നും അവർ അഭിപ്രായപ്പെട്ടു.
കോരപ്പുഴ പാലം കടന്നുള്ള പ്രദേശത്തേക്ക് എത്തിയപ്പോൾ അക്രമി ട്രെയിനിന്റെ ചങ്ങല വലിച്ച് നിർത്തി പുറത്തേക്ക് ചാടി രക്ഷപ്പെടുകയാണുണ്ടായതെന്നാണ് പറയുന്നത്.
അതേസമയം, ട്രെയിനിൽ മൂന്ന് യാത്രക്കാർ തമ്മിൽ തർക്കമുണ്ടായെന്നും ഇതാണ് തീ വെപ്പിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികളിൽ ചിലരും പറയുന്നുണ്ട്.
തീ കൊളുത്തിയത് ചുവന്ന ഷർട്ടിട്ട തൊപ്പി വെച്ച ആളാണെന്ന് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. രണ്ട് കുപ്പി പെട്രോളുമായിട്ടാണ് അക്രമി വന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ അവിടെയിരുന്ന ആളുകളുടെ ദേഹത്തേക്ക് പെട്രോൾ വീശുകയായിരുന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.
പ്രതിയെ കണ്ടെത്തി, സംഭവത്തിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനുള്ള ജാഗ്രത്തായ അന്വേഷണത്തിലാണ് പോലീസ് സംഘം. ഇതിനായി ഡി വൺ കമ്പാർട്ട്‌മെന്റിലെയും മറ്റും യാത്രക്കാരിൽനിന്ന് പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
തീ വെപ്പിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 9 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഞായറാഴ്ച രാത്രി 9.38ന് കോഴിക്കോട്ട് നിന്ന് ട്രെയിൻ കണ്ണൂരിലേക്കു പോകുമ്പോഴാണ് യാത്രക്കാരൻ തീയിട്ടത്. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റിൽ തീ പെട്ടെന്ന് ആളിപ്പടർന്നതോടെ സമീപത്തെ സീറ്റുകളിലെ യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും പടരുകയായിരുന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കമ്പാർട്ട്‌മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതാണ് രക്ഷയായത്.
തീ പൊള്ളലേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളജിലും ബേബി മെമ്മോറിയൽ ആശുപത്രിയിലും ഒരാളെ കൊയിലാണ്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് സ്ത്രീകൾ ഉൾപ്പടെ പരുക്കേറ്റ 5 യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രിൻസ് എന്ന യാത്രക്കാരൻ ഉൾപ്പെടെ മൂന്നു പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശിയായ റാസിഖിനെ കൊയിലാണ്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ റാസിഖിന്റെ ഭാര്യ റഹ്മത്തിനെയും കുഞ്ഞിനെയും കാണാനില്ലെന്നു പരാതിയുണ്ട്. ഭാര്യയും കുഞ്ഞും സുരക്ഷിതയായി ഇറങ്ങിയെങ്കിലും അവരുടെ കയ്യിൽ ഫോണില്ലാത്തതിനാൽ പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്ന് റാസിഖ് പറഞ്ഞു. വീട്ടിലെത്തുകയോ ഏതെങ്കിലും നിലയ്ക്ക് ഫോണിലോ മറ്റോ വിവരം പാസ് ചെയ്യാനോ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു.
തീപടർന്നെങ്കിലും രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്. എന്നാൽ, അക്രമിയെ പിടികൂടാനായിട്ടില്ല. ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂർ സ്വദേശിയായ പ്രിൻസ്, പ്രകാശൻ, തലശ്ശേരി കതിരൂർ സ്വദേശിയായ അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തൃശൂർ സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി, കണ്ണൂർ സ്വദേശി റാസിഖ് എന്നിവരാണ് പൊള്ളലേറ്റ് മൂന്ന് ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു.