ഇടുക്കി-ചിന്നക്കനാല്‍ സിമന്റുപാലത്തെ കുങ്കിയാന താവളത്തില്‍ ഇന്നലേയും അരിക്കൊമ്പനെത്തി. രാവിലെ 6.30നും പിന്നീട് 11.30നും ആണ് അരിക്കൊമ്പനെത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട പാപ്പാ•ാര്‍ പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ തുരത്തി. ശനിയാഴ്ച വൈകിട്ട് താപ്പാന കോന്നി സുരേന്ദ്രന് സമീപം അരിക്കൊമ്പനെത്തിയിരുന്നു. സ്ഥലത്ത് കൂടുതല്‍ വാച്ചര്‍മാരെയും വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ അടക്കം ഇടപെടലാണ് ആന താപ്പാനകള്‍ക്ക് സമീപം എത്തുന്നതിന് മുമ്പ് ശ്രദ്ധയില്‍പ്പെടാനും തുരത്താനും സഹായിച്ചത്.
അതേ സമയം ആനത്താരയായ മേഖലയും താപ്പാനകള്‍ക്ക് ആഹാരം കൊടുക്കുന്നതുമാണ് അരിക്കൊമ്പനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതിന് പ്രധാന കാരണം. മൂന്ന് ദിവസത്തോളമായി അരിക്കൊമ്പന്‍ ഈ സ്ഥലത്ത് തന്നെ തുടരുകയാണ്.
ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് രാവിലെ ചിന്നക്കനാലിലെത്തും. അഞ്ച് അംഗ സമിതിയിലെ നാലുപേരും എത്തുമെന്നാണ് വിവരം. ഇവരുടെ റിപ്പോര്‍ട്ട് 5ന് തന്നെ ഹൈക്കോടതിക്ക് കൈമാറും. അരിക്കൊമ്പന്‍ കേസ് ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ അറുപതോളം വരുന്ന കര്‍ഷക സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 23ന് ഹരജി അടിയന്തരമായി രാത്രിയില്‍ പരിഗണിച്ചതടക്കം ദുരൂഹമാണെന്നും ഇതില്‍ നിയമപരമല്ലാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നതില്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇനി കേസ് പരിഗണിക്കുന്ന 5ന് മാര്‍ച്ചായി ഹൈക്കോടതിയിലെത്തി ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിലവിലെ ബെഞ്ചില്‍ നിന്ന് മാറ്റി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് ഹരജി പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം.