Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുഎഇയില്‍ തൊഴിലന്വേഷകര്‍ക്ക് ആറു മാസം തങ്ങാം; തൊഴില്‍ വീസക്ക് 3,000 ദിര്‍ഹം വേണ്ട: അറിയേണ്ടതെല്ലാം

ദുബായ്- യുഎഇയില്‍ വിദേശ സഞ്ചാരികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വിദേശികളെ ജോലിക്കെടുക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും വലിയ ആശ്വാസമായി വീസാ ചട്ടങ്ങളിലും തൊഴിലാളികളുടെ ഇന്‍ഷൂറന്‍സിലും അടിമുടി പരിഷ്‌ക്കരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ആണ് പ്രഖ്യാപിച്ചത്. വിദേശികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ ഇങ്ങനെ: 

തൊഴിലുടമ ഇനി 3,000 ദിര്‍ഹം കെട്ടിവയ്‌ക്കേണ്ട. പകരം സമഗ്ര ഇന്‍ഷൂറന്‍സ്

വിദേശ ജോലിക്കാര്‍ക്ക് വീസ അനുവദിക്കുന്നതിന് ആളൊന്നിന് 3000 ദിര്‍ഹം വീതം തൊഴിലുടമ ഇനി കെട്ടിവെക്കേണ്ട. ഇതിനു പകരം പുതിയ സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിച്ചു. ഇതു പ്രകാരം ഓരോ തൊഴിലാളിക്കും 60 ദിര്‍ഹം വീതം വാര്‍ഷിക ഇന്‍ഷൂറന്‍ അടച്ചാല്‍ മതി. സ്വകാര്യ മേഖലയില്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തുകയും അതേസമയം തൊഴിലുടമകള്‍ളുടെ അമിത ഭാരം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ പരിഷ്‌ക്കരണം. ഇതോടെ കമ്പനികള്‍ക്ക് 14 ബില്യണ്‍ ദിര്‍ഹം കമ്പനികള്‍ക്കു ലാഭിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. തൊഴിലാളികളുടെ വീസാ ഗ്യാരണ്ടിയായി കമ്പനി അടച്ച തുകയാണിത്. ഈ ഗ്യാരണ്ടി തൂക നിയമ വിരുദ്ധമായി ജോലിക്കാരില്‍ നിന്നും തൊഴിലുടമകള്‍ ഇടാക്കി അടച്ചതാണെങ്കില്‍ തിരികെ കിട്ടുന്നതോടെ അത് തൊഴിലാൡകള്‍ക്കും തിരിച്ചു ലഭിക്കും. യുഎഇയില്‍ ബിസിനസ് നടത്തുന്നത് എളുപ്പമാക്കാനുള്ള നടപടിയാണിത്. വലിയ പണം മുടക്കില്ലാതെ കമ്പനികള്‍ക്ക് വിദേശത്ത് നിന്ന് മികച്ച തൊഴിലാളികളെ എത്തിക്കാനാകുമെന്നത് വിപണിയേയും സാമ്പത്തിക വളര്‍ച്ചയേയും ത്വരിതപ്പെടുത്തും. 60 ദിര്‍ഹമിന്റെ വാര്‍ഷിക ഇന്‍ഷൂറന്‍സ് പോളിസിയില്‍ ഓരോ തൊഴിലാളിക്കും 20,000 ദിര്‍ഹമിന്റെ ആനുകൂല്യങ്ങളാണ് ലഭിക്കുക. സേവന കാലാവധി കഴിഞ്ഞാലുള്ള ആനുകൂല്യം, അവധി അലവന്‍സ്, ഓവര്‍ടൈം അലവന്‍സ്, ലഭിക്കാത്ത ശമ്പളം, റിട്ടേണ്‍ ടിക്കറ്റ്, തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന  പരിക്ക് തുടങ്ങിയവയെല്ലാം ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടും.

ട്രാന്‍സിറ്റ്, സന്ദര്‍ശക വീസകളിലെ ഇളവുകള്‍

യുഎഇയില്‍ താമസിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വീസാ കാലാവധി അവസാനിച്ചവര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് പുതുക്കിയ ട്രാന്‍സിറ്റ്, വിസിറ്റ് വീസ ചട്ടങ്ങള്‍. ഇതു പ്രകാരം യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ എന്‍ട്രി ഫീസ് ഇല്ല. അധികമായി 50 ദിര്‍ഹം അടച്ചാല്‍ ട്രാന്‍സ് വീസ 96 മണിക്കൂര്‍ നേരത്തേക്ക് നീട്ടിക്കിട്ടുകയും ചെയ്യും. എയര്‍പോര്‍ട്ടുകളിലെല്ലാം പ്രത്യേക ട്രാന്‍സിറ്റ് വിസാ കൗണ്ടറുകളും പുതുതായി സ്ഥാപിക്കും. വിദേശ വിദ്യാര്‍ത്ഥികളുടെ  സര്‍വകലാശാല പഠനത്തിനു ശേഷം അവരുടെ ആശ്രിത വിസാ കാലാവധി രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കും.

തൊഴില്‍ തേടുന്നവര്‍ക്ക് ആറു മാസ വീസ

തൊഴില്‍ തേടി യുഎഇയിലെത്തി വീസ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസമായി  പുതിയ ആറു മാസം ദൈര്‍ഘ്യമുള്ള വീസ അനുവദിക്കും. വിസ പുതുക്കുന്നതിന് രാജ്യത്തിനു പുറത്തു പോകേണ്ടതിനു പകരം ഇനി ഫീസ് അടച്ചാല്‍ മതി. വീസ നീട്ടിക്കിട്ടും.  

ഇനി 'നോ എന്‍ട്രി'യും ഇല്ല

വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ സ്വമേധയാ തിരികെ പോകുകയാണെങ്കില്‍ പാസ്‌പോര്‍ട്ടില്‍ നോ എന്‍ട്രി സ്റ്റാമ്പ് പതിക്കപ്പെടാതെ രക്ഷപ്പെടാനും പുതിയ പരിഷ്‌ക്കരണം വഴിയൊരുക്കുന്നു. ഇവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങി എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം. അനധികൃതമായി യുഎഇയിലെത്തിയവര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് കാണിച്ചാല്‍ രണ്ടു വര്‍ഷത്തെ നോ എന്‍ട്രിയുമായി സ്വന്തം രാജ്യത്തേക്കു പോകാം. 

Latest News