Sorry, you need to enable JavaScript to visit this website.

ഹജ് നറുക്കെടുപ്പ്: കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ സംസ്ഥാന ഹജ് കമ്മറ്റി

കൊണ്ടോട്ടി- ഹജ് നറുക്കെടുപ്പില്‍ കേന്ദ്ര ഹജ് കമ്മിറ്റിയേയും വിവിധ സംസ്ഥാന ഹജ് കമ്മിറ്റികളേയും പരിഗണിക്കാതെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ട് നടത്തിയതിനെതിരേ സംസ്ഥാന ഹജ് കമ്മറ്റി രംഗത്ത്. സംസ്ഥാന ഹജ് കമ്മിറ്റി അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി. കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി  മുന്‍കൂട്ടി ക്വാട്ട നിശ്ചയിക്കാതെയും ഹജ് കമ്മിറ്റികളെ പരിഗണിക്കാതെയുമാണ് ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നറുക്കെടുപ്പ് നടത്തിയത്. ഇത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കേരളത്തിന് പ്രത്യേക പരിഗണന നല്‍കി മുഴുവന്‍ അപേക്ഷകരെയും ഹജിന് തെരഞ്ഞെടുക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രേഖാമൂലം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അപേക്ഷകര്‍. ആയതിന്റെ പുരോഗതി വിലയിരുത്താനും കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാനും സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ മുംബൈ ഹജ് ഓഫീസിലും ദല്‍ഹി ന്യൂനപക്ഷ മന്ത്രാലയത്തിലും സന്ദര്‍ശനം നടത്തും. തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് ബാങ്ക് അവധികള്‍ കാരണം പണമടക്കാന്‍ പ്രയാസമായതിനാല്‍ പണമടക്കുന്നതിനുള്ള തിയതി നീട്ടിനല്‍കണമെന്ന് കേന്ദ്ര ഹജ് കമ്മിറ്റിയോട്  യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി.

 

 

Latest News