Sorry, you need to enable JavaScript to visit this website.

വാഴക്കാട്ട് ഭർതൃവീടിന്റെ ടെറസിൽ യുവതി മരിച്ച നിലയിൽ; ദുരൂഹതയെന്ന് യുവതിയുടെ കുടുംബം

മലപ്പുറം - വാഴക്കാട്ട് ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് നജ്മുന്നിസയെ(32) വീടിന് മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വിവരം ഭർത്താവ് മൊയ്തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്.
നജ്മുന്നിസയുടെ ബാഗും ചെരുപ്പും അടുത്തുള്ള അടച്ചിട്ട വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് നജ്മുന്നിസ പോയിരുന്നുവെന്ന് പറയുന്നു. ഇന്ന് പുലർച്ചെ മൊബൈൽ ഫോണിന്റെ ശബ്ദം കേട്ടാണ് മൊയ്തീൻ എഴുന്നേറ്റത്. വീടിന് മുകളിലെത്തി നോക്കുമ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടതെന്ന് ഭർത്താവ് മൊഴി നൽകിയതായും പറയുന്നു.
 സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാഴക്കാട് പോലീസ് പറഞ്ഞു. ഡോഗ്‌സ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്നും ഭർത്താവ് മൊയ്തീൻ ഉൾപ്പെടെയുള്ളവരുടെ മൊഴി  രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Latest News