Sorry, you need to enable JavaScript to visit this website.

മയക്കുമരുന്നു പരിശോധനയുടെ പേരിൽ യുവാവിന് പോലീസ് മർദനം

കൊച്ചി- കൊച്ചി സിറ്റി പോലീസ് മയക്കുമരുന്നു വേട്ടയുടെ പേരിൽ നിരപരാധിയെ ഉപദ്രവിച്ചതായി പരാതി. എറണാകുളം നോർത്ത് പാലത്തിന് താഴെ നിൽക്കുകയായിരുന്ന കാക്കനാട് സ്വദേശി റെനീഷിനെ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ മർദിച്ചതായാണ് പരാതി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉമാതോമസ് എം എൽ എ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. 
ഇന്നലെ ഉച്ചക്കാണ് നോർത്ത് പാലത്തിന് താഴെ വെച്ച് പോലീസ് റെനീഷിനെ തടഞ്ഞുവെച്ചത്. ആരാണെന്നും എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നും ചോദിച്ച പോലീസ് തിരിച്ചറിയൽ കാർഡും ഫോണും ആവശ്യപ്പെട്ടു. അതിനിടയിൽ ലാത്തികൊണ്ടും മുഖത്തും പലവട്ടം അടിച്ചതായാണ് റെനീഷിന്റെ പരാതി. വേദനകൊണ്ട് അവിടെ കിടന്ന് കരഞ്ഞു. പോലീസ് സ്‌റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മർദിച്ചു. തലകറങ്ങിയപ്പോൾ ആശുപത്രിയിൽ കൊണ്ടു പോയി. അവിടെ നിന്ന് വീണ്ടും സ്‌റ്റേഷനിൽ കൊണ്ടുവന്ന് ഇരുത്തി. വൈകീട്ട് അഞ്ചു മണിയായപ്പോൾ വീട്ടുകാർക്കൊപ്പമാണ് വിട്ടയച്ചത്. തന്റെ പേരിൽ എന്തെങ്കിലും കേസുണ്ടോ എന്ന് ചോദിച്ചപ്പോൾ കേസൊന്നുമില്ലെന്നും നിന്നെ നിരീക്ഷിക്കാൻ വേണ്ടി ഇരുത്തിയതാണെന്നുമായിരുന്നു പോലീസുകാരന്റെ മറുപടിയെന്ന് റെനീഷ് പറഞ്ഞു. 
എന്നാൽ മയക്കുമരുന്നു വിൽപനക്കാരുടെ പ്രധാന കേന്ദ്രമായ നോർത്ത് പാലത്തിനടിയിൽ സംശയകരമായി കണ്ട യുവാവിനോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ ഇയാൾ വിവരം തരാതെ പോലീസിനെ ചോദ്യം ചെയ്യുകയും തട്ടിക്കയറുകയുമായിരുന്നുവെന്ന് നോർത്ത് പോലീസ് പറയുന്നു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായ ഇവിടെ നിരവധി കൊലപാതകങ്ങളും നടന്നിട്ടുണ്ട്. മയക്കുമരുന്നിനെതിരായ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇവിടം പോലീസ് പ്രത്യേകം നിരീക്ഷിക്കാറുണ്ട്. കൃത്യമായി മറുപടി നൽകാത്തതുകൊണ്ടാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. പോലീസ് മർദിച്ചെന്ന് പരാതിപ്പെടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയപ്പോൾ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടിൽ എല്ലാം വ്യക്തമാണെന്നും പോലീസ് പറയുന്നു. 
ദേഹപരിശോധനയിലും, പോലീസ് അന്വേഷണത്തിലും ക്രിമിനൽ പ്രവർത്തനത്തിൽ ഉൾപ്പെട്ടു എന്ന് സംശയം പോലും ഇല്ലാത്ത ഒരു യുവാവിനെ അകാരണമായി മർദ്ദിച്ചത് തികച്ചും കുറ്റകരമാണെന്ന് ഉമാതോമസ് എം എൽ എ പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെ മുഖം മുഴുവൻ നീര് വന്ന അവസ്ഥയിലാണ് നിലവിലുള്ളത്. പൊതുസ്ഥലത്ത് ഇരിക്കുവാനുള്ള അവകാശത്തെ പോലും മാനിക്കാൻ തയ്യാറാകാത്ത , ഇത്തരം പോലീസ് കാടത്തം അനുവദിക്കരുത്. നാട്ടുകാർക്ക് ആർക്കും യാതൊരു പരാതിയും ഇല്ലാത്ത, ജോലി ചെയ്ത കുടുബം പുലർത്തുന്ന റിനിഷിന്റെ കുടുംബാംഗങ്ങൾ ഭയചകിതരാണ്. ഇത്തരത്തിൽ പോലീസ് സേനയ്ക്ക് ആകെ മാനക്കെട് വരുത്തുന്ന ക്രിമിനൽ പോലീസുകാരെ നിലക്കുനിർത്തണം. മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഉമാതോമസ് ആവശ്യപ്പെട്ടു.
 

Latest News