പത്തനം തിട്ട - തനിക്കെതിരെ പള്ളികള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ചതിന് രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്. പോസ്റ്ററില്‍ പറയുന്ന രീതിയില്‍ ഓര്‍ത്തഡോക്‌സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ലെന്നും തെരഞ്ഞെടുപ്പില്‍ തന്നെ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ലെന്നും നാട്ടുകാര്‍ക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. രാത്രിയുടെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കുകയല്ല ചെയ്യേണ്ടത്. ഉത്തരവാദപ്പെട്ടവര്‍ക്ക് ആര്‍ക്കെങ്കിലും പ്രതിഷേധം ഉണ്ടെങ്കില്‍ തന്നെ നേരിട്ട് അറിയിക്കാം. താന്‍ മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വ്യാജ പ്രചരണങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭ വീണാ ജോര്‍ജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചരണത്തില്‍ ചില മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലില്‍ വീണ ജോര്‍ജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് യുവജനം എന്ന പേരില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പള്ളികളുടെ മുന്നില്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ഇന്ന് ഓശാന ഞായര്‍ ദിനമായതിനാല്‍ നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തും. അവരുടെ ശ്രദ്ധ പതിയുന്ന രീതിയിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.