കൊച്ചി - ഇടുക്കിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാന 'അരിക്കൊമ്പനെ' തളക്കുന്നത് സംബന്ധിച്ച നിയമ പ്രശ്‌നത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് വാദം കേള്‍ക്കണമെന്ന് ആവശ്യം. 18 സ്വതന്ത്ര കര്‍ഷക സംഘടനകളാണ് ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ബുധനാഴ്ച കര്‍ഷക സംഘടനകള്‍ ഹൈക്കോടതിയേക്ക് മാര്‍ച്ച് നടത്തി ചീഫ് ജസ്റ്റിസിന് പരാതി നല്‍കും.അരിക്കൊമ്പനെ പിടി കൂടുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത് ഇടുക്കിയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കര്‍ഷക സംഘടനകള്‍ കൂടി പ്രതിഷേധം ഏറ്റെടുത്തതോടെ കോടതിയുടെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള സര്‍വ്വ സജ്ജീകരണങ്ങളുമായി ആനയെ നിരീക്ഷിച്ചുകൊണ്ട് വനം വകുപ്പ് കാത്തു നില്‍ക്കുകയാണെങ്കിലും മയക്കുവെടി വെക്കാനുള്ള അനുമതി ഹൈക്കോടതി നിഷേധിക്കുകയാണ്.