ആശുപത്രിയില്‍ എത്തിയ ആദിവാസി യുവാവിന്റെ മരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ലോക്കല്‍ പോലീസിന് സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് വിശ്വനാഥന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഒരു മാസം മുന്‍പാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത്  വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനെ(46) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ വിശ്വനാഥനെ പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷം ആശുപത്രിയില്‍ നിന്ന് കാണാതാകുകയും പിന്നീട് മരിച്ച് നിലയില്‍ കണ്ടെത്തുകയുമാണുണ്ടായതെന്ന് വിശ്വനാഥന്റെ കുടുംബം മൊഴി നല്‍കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും എസ്.സി - എസ്.ടി കമ്മീഷനും ഇടപെട്ട കേസില്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും മരണവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

 

 

Latest News