ജിദ്ദ- കെ.എം.സി.സി ജിദ്ദ ഷറഫിയ ഓഫീസ് ഉദ്ഘാടനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഷറഫിയ അബീർ ക്ലിനിക്കിൽ ഓഫീസ് സജ്ജീകരിച്ചത്. അബീർ മെഡിക്കൽ ഗ്രൂപ്പ് ഷറഫിയ ബ്രാഞ്ച് മാനേജർ ജലീൽ ആലുങ്ങൽ ഉദ്ഘാടന കർമം നിർവഹിച്ചു.
മലപ്പുറം ജില്ലാ കെ.എം.സി.സിക്കു കീഴിൽ പ്രവർത്തിക്കുന്ന മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരെയും കുടുംബ സുരക്ഷാ പദ്ധതിയിലെ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, ഏരിയ കോ-ഓർഡിനേറ്റർമാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് അബീർ മെഡിക്കൽ ഗ്രൂപ്പ് ഷറഫിയ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ അബീർ ഷറഫിയ ക്ലിനിക്കിന്റെ മെസ്സേനൈൻ ഫ്‌ളോറിലാണ് ലൈസൻ ഓഫീസ് സജ്ജമാക്കിയത്.
ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടെയും കോ-ഓർഡിനേറ്റർമാരുടെയും ആവശ്യം പരിഗണിച്ച് കാമ്പയിൻ കാലാവധി ഏപ്രിൽ 15 വരെ നീട്ടിയതായും എന്നാൽ പദ്ധതിയുടെ കാലയളവ് 31 മാർച്ച് 2023ന് അവസാനിച്ചത് കൊണ്ട് എല്ലാ കോ-ഓർഡിനേറ്റർമാരും പുതുക്കിയ അംഗത്വം ഉടനെ തന്നെ ജില്ലാ കമ്മിറ്റിയുടെ അംഗീകാരം വാങ്ങേണ്ടതാണെന്നും മലപ്പുറം ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ പറഞ്ഞു.
അംഗത്വം പുതുക്കി ജില്ലാ കമ്മിറ്റിയുടെ അംഗീകാരം നേടിയതിനു ശേഷമേ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടാകുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, അബ്ബാസ് വേങ്ങൂർ, സുൽഫിക്കർ ഒതായി എന്നിവർ സംസാരിച്ചു. സാബിൽ മമ്പാട് നന്ദി പറഞ്ഞു.