ഇടുക്കി- കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിൽ ജില്ലയിൽ ഉൾപ്പെട്ടിരുന്ന 47 വില്ലേജുകളിൽ 23 വില്ലേജുകൾ ഒഴിവാകാൻ സാധ്യത. ഇന്നലെ മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ റിപ്പോർട്ടനുസരിച്ച് വനപ്രദേശം ഉൾപ്പെടുന്ന 24 വില്ലേജുകൾ മാത്രമാണ് ഇ.എസ്.എയിൽ ഉൾപ്പെടുന്നത്. ജില്ലയിലെ കൃഷി, തോട്ടം, ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കപ്പെടുന്ന റിപ്പോർട്ടാണ് സംസ്ഥാന സർക്കാർ ഇനി കേന്ദ്രത്തിന് നൽകുന്നത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ കസ്തൂരിരംഗന്റെ പേരിലുളള ആശങ്കകൾ ഒരു പരിധി വരെ ജില്ലയെ വിട്ടൊഴിയും.
പുതിയ റിപ്പോർട്ടിൽ ദേവികുളം താലൂക്കിലെ ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ വില്ലേജുകൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. പീരുമേട് താലൂക്കിലെ കൊക്കയാർ, പീരുമേട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ അറക്കുളം വില്ലേജും ഒഴിവാക്കപ്പെട്ടു. ഉടുമ്പൻചോല താലൂക്കിലെ അണക്കര, ആനവിലാസം, ചതുരംഗപ്പാറ, ചക്കുപ്പള്ളം, കൽക്കൂന്തൽ, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, രാജാക്കാട് , രാജകുമാരി, ശാന്തമ്പാറ, ഉടുമ്പൻചോല, വണ്ടന്മേട്, ഇടുക്കി താലൂക്കിലെ കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോട്, വാത്തിക്കുടി, വില്ലേജുകളുമാണ് പൂർണ്ണമായും ഒഴിവാക്കപ്പെട്ടത്.
ജില്ലയിലെ വനപ്രദേശം മാത്രമുള്ള 1824. 43 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഇനി ഇ.എസ്.എ യിൽ ഉൾപ്പെടുന്നത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകുന്ന റിപ്പോർട്ട് പരിഗണിക്കപ്പെടുന്നതോടെ ഇടുക്കിയിലെ തോട്ടം കൃഷി ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഇ.എസ്.എ യിൽനിന്ന് ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പരിധിയിൽനിന്നു കൃഷി, തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്നതിനായി തയാറാക്കിയ അന്തിമ ഭൂപടവും റിപ്പോർട്ടുമാണ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത്. 2014 മാർച്ച് 10 ന് എസ്.ഒ 733 എഫ് നമ്പരായി പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് 92 ആയി ചുരുക്കി.