കൂടപ്പിറപ്പുകളെയും അയൽവാസികളെയും അടുത്ത സുഹൃത്തുക്കളെയും മാത്രം പറഞ്ഞു പറ്റിച്ചിരുന്ന ഒരു കാലമുണ്ടായിട്ടുണ്ട്. അന്നത്തെ ആ കളവുകൾക്ക് പോലും അതിന്റേതായ ഒരു നിഷ്‌കളങ്കതയും തനിമയുമുണ്ടായിരുന്നു. കപടതയുടെ മുഖം മൂടിയണിഞ്ഞ സോഷ്യൽ മീഡിയ കാലത്തെ സ്ഥിതി അതല്ല. ഏതു നെറികേടും വിറ്റഴിക്കാനും അപരനെ എന്തു വില കൊടുത്തും ഇല്ലാതാക്കാനുമുള്ള തൃഷ്ണ അപകടകരമാം വിധം വർധിച്ചിരിക്കുന്നു.
സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ച് ഓർത്തു ചിരിക്കാനും വർഷത്തിലെ 364 ദിവസവും ചെയ്ത കൊണ്ടിരുന്നതിനെ കുറിച്ച് ഓർമിക്കാനുമുള്ള ദിനമാണ് ഏപ്രിൽ ഒന്ന്- മാർക് ട്വയിൻ
ദിനാചരണങ്ങൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ലോകത്ത് പെരുംനുണകളുടെ സന്ദേശവുമായി വീണ്ടും ഒരു വിഡ്ഢിദിനം കൂടി. കോവിഡ് 19 ന്റെ ഊരാക്കുടുക്കിൽ വായടക്കേണ്ടി വന്ന ഫൂൾഡേ ആഘോഷങ്ങൾ കൂടുതൽ പൊലിമ തേടിക്കൊണ്ടിരിക്കുകയാണിന്ന്. ആഘോഷങ്ങളുടെയൊക്കെയും ആത്യന്തിക ഫലം നന്മയാണെന്ന് വാദിക്കുന്ന പൊതുബോധം ഇവിടെയും അതാവർത്തിക്കുന്നുവെങ്കിലും നുണയാഘോഷത്തിന്റെ നൈതികതയെ സംബന്ധിച്ച് ചോദ്യങ്ങളുമുയരുന്നുണ്ട്. കെട്ടിച്ചമക്കുകയും പറഞ്ഞു പെരുപ്പിക്കുകയും ചെയ്യുന്ന കളവുകളെ വെളുപ്പിക്കാൻ ശ്രമിക്കുംതോറും അവ കൂടുതൽ വികൃതമാകുന്ന കാഴ്ചകളാണ് കാണാനാവുന്നത്. കേവലം ഒരാഘോഷം എന്നതിലപ്പുറം ഇതിലെന്ത് എന്ന നിസ്സംഗ ഭാവത്തോടെയുള്ള ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും എവിടെയൊക്കെയോ ചില നഷ്ടപ്പെടലുകളുടെയും നിസ്സാഹയതകളുടെയും നോവുകൾ ഘനീഭവിച്ചു കിടക്കുന്നുണ്ട്.
ഏപ്രിൽ ഫൂളിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. 1582 ൽ അന്നത്തെ മാർപാപ്പയായിരുന്ന പോപ് ഗ്രിഗറി പതിമൂന്നാമൻ നിലവിലുള്ള ജൂലിയൻ കലണ്ടറിൽ ചില പരിഷ്‌കാരങ്ങൾ വരുത്തുകയുണ്ടായി. പരിഷ്‌കരിച്ച പുതിയ കലണ്ടറിന് ഗ്രിഗോറിയൻ കലണ്ടർ എന്ന് പേരു നൽകി. ജൂലിയൻ കലണ്ടറിൽ ഏപ്രിൽ ഒന്നായിരുന്ന പുതുവർഷം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 ആയി മാറി. കലണ്ടറിനൊപ്പം പുതുവർഷം മാറിയ കാര്യം ജനങ്ങളിൽ പലരും അറിഞ്ഞിരുന്നില്ല. ഇതോടെ കുറെ പേർ ജനുവരി 1 നും മറ്റു ചിലർ ഏപ്രിൽ 1 നും പുതുവർഷം ആഘോഷിച്ചു. പുതുവർഷത്തിന്റെ മാറ്റമറിയാതെ ആഘോഷിച്ചവരെയും മാറ്റം അംഗീകരിക്കാൻ കൂട്ടാക്കാത്തവരെയും 'വിഡ്ഢികൾ' എന്ന് വിളിക്കാൻ തുടങ്ങിയെന്നും ഇതാണ് ഏപ്രിൽ ഫൂൾ അഥവാ വിഡ്ഢിദിനമായി ആചരിക്കപ്പെടുന്നതെന്നുമാണ് ഒരു കഥ.
മറ്റൊന്ന് ഇങ്ങനെയാണ്. ഗ്രീക്ക് ദേവനായ സിറസിന്റെ പുത്രി പ്രൊസർപ്പിത പൂന്തോട്ടത്തിൽ നിന്ന് പുഷ്പം ശേഖരിക്കുന്ന തിരക്കിലായിരുന്നു. അവളിൽ അനുരക്തനായ പാതാള ദേവന്മാരിലൊരാൾ അവളെ തട്ടിക്കൊണ്ടുപോയി. അലമുറയിട്ടു കരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ശബ്ദം ഭിത്തിയിൽ തട്ടി പ്രതിധ്വനിക്കുക മാത്രം ചെയ്തു. വിവരമറിഞ്ഞ് സിറസ് തന്റെ പുത്രിയെ രക്ഷിക്കാനായി ഓടിവന്നെങ്കിലും പ്രതിധ്വനിയുടെ പിറകെയാണ് പോയത്. അതൊരു ഏപ്രിൽ ഒന്നിനായിരുന്നു.
വിഡ്ഢിദിനത്തിലെ സമയ ദൈർഘ്യത്തിന്റെ കാര്യത്തിൽ രാജ്യങ്ങൾക്കിടയിൽ വൈജാത്യങ്ങളുണ്ട്. ചിലയിടങ്ങളിൽ ഈ വിഡ്ഢിയാക്കൽ പരിപാടി ഉച്ചയ്ക്ക് 12 മണി വരെ മാത്രമേയുള്ളൂ. അതിന് ശേഷം അയാൾ തമാശ പറഞ്ഞാൽ അയാളെ വിഡ്ഢിയായി കണക്കാക്കപ്പെടും. ഇന്ത്യ, യു.കെ, ന്യൂസിലാന്റ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ രീതിയാണ്. എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ്. സ്‌കോട്ട്‌ലാന്റിൽ രണ്ട് ദിവസമാണ് വിഡ്ഢിദിന ആഘോഷങ്ങൾ.
വിഡ്ഢിദിനത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് ക്രിയാത്മക ചർച്ചകൾ നടക്കുന്നതിനിടയിലും ഈ നുണപ്രചാരണ രീതി ഏറെ സാമൂഹികാംഗീകാരം നേടിക്കൊണ്ടിരിക്കുക തന്നെയാണ്. ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യയിൽ വിത്തുപാകപ്പെട്ട ഈ ആചാരം വർധിത ആവേശത്തോടെ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. ഉന്നത കമ്പനികളും സർക്കാർ ഏജൻസികളും വരെ തമാശകളുമായി ഈ ദിനത്തിൽ നിറഞ്ഞു നിൽക്കുന്നതിനാൽ ഔദ്യോഗിക പരിവേഷം തന്നെയാണിന്ന് ഏപ്രിൽ ഫൂളിന് ലഭിച്ചിരിക്കുന്നത്. ലോകത്തെമ്പാടും ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ഏപ്രിൽ ഫൂൾ തമാശകൾ വിതരണം ചെയ്യപ്പെട്ടതായി കാണാം. 55 കാരിയായ ജർമൻ മുൻ ചാൻസലർ ആംഗല മാർക്കൽ ഗർഭിണിയാണെന്ന ഒരു വാർത്ത മുമ്പ് ജർമൻ വാർത്താ ഏജൻസി എഫ്.എഫ്.എച്ച് പുറത്തു വിടുകയുണ്ടായി. രണ്ടു പ്രാവശ്യം വിവാഹിതയായ മെർക്കലിന് കുട്ടികളുണ്ടായിരുന്നില്ല. ഏജൻസികളുടെ റേഡിയോ നിലയവും ഈ വാർത്ത പ്രക്ഷേപണം ചെയ്യുകയുണ്ടായി. 27 ന് ജർമനിയിൽ പൊതുതെരഞ്ഞെടുപ്പാണെന്നും 28 ന് ഫലം വരുന്നതോടെ മെർക്കൽ പ്രസവിക്കും എന്നുമൊക്കെയുള്ള വിശദീകരണത്തോടെയായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉച്ച കഴിഞ്ഞ് ചാൻസലറുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ കൈമലർത്തുകയായിരുന്നു.
പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ എക്‌സ്പ്രസ് പുറത്തുവിട്ട വ്യാജ വാർത്ത പാക് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചു. ഇസ്‌ലാമാബാദിൽ പണിയുന്ന പുതിയ വിമാനത്താവളത്തിന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിന്റെ പേരു നൽകുന്നു എന്നായിരുന്നു ആ വാർത്ത. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ റഹ്മാൻ മാലിക് വ്യാജ വാർത്ത ഏറ്റുപിടിച്ച് ഒടുവിൽ പരിഹാസ പാത്രമായി. 2015 ഏപ്രിൽ ഒന്നിന് ന്യൂസിലാന്റിലെ ഓക്‌ലാന്റിലുള്ള പ്രമുഖ കാർ കമ്പനിയും ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാന്റ് പോലീസ് ട്വിറ്ററിൽ നടത്തിയ രസകരമായ പ്രഖ്യാപനവുമെല്ലാം ഔദ്യോഗിക ഏജൻസികൾ ഈ ആചാരത്തിന്റെ എത്രമാത്രം വലിയ പ്രചാരകരാണെന്ന് വെളിപ്പെടുത്തുന്നു.
മാനവ സമൂഹത്തിന് ഏതെങ്കിലും വിധത്തിൽ ഗുണകരമാകുന്ന ആചാരങ്ങളെയും ആഘോഷങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കാം. എന്നാൽ കളവ് പറയുക, കബളിപ്പിക്കുക, പരിഹസിക്കുക, വിഡ്ഢികളാക്കുക, വഞ്ചന നടത്തുക ഇവയൊക്കെ ഏത് അളവുകോൽ വെച്ച് നോക്കിയാലും നമ്മുടെ പാരമ്പര്യത്തിനും പൈതൃകത്തിനും വിരുദ്ധമാണ്. നന്മയുടെയും വിശുദ്ധിയുടെയും ചെറുകണിക പോലും ഇതിൽ ഒരിക്കലും കണ്ടെത്താനാവുന്നില്ല. വ്യഥകളനുഭവിക്കുന്നവർക്കും ജീവിതത്തിന്റെ സങ്കീർണതകളിൽ പെട്ടുഴലുന്നവർക്കും അവയിൽ നിന്നുള്ള താൽക്കാലിക മോചനത്തിനും എല്ലാം മറന്ന് ആഹ്ലാദിക്കുന്നതിനുമുള്ള അവസരവും എന്നതാണ് ആകെയുള്ള ഒരു പ്രയോജനം. പക്ഷേ തെറ്റായ മാർഗത്തിലൂടെയും കുറുക്കുവഴികളിലൂടെയും നേടുന്ന ഇത്തരം രസങ്ങൾ സുഖങ്ങൾ എന്തുമാത്രം ആത്മഹർഷം പ്രധാനം ചെയ്യുമെന്ന ചോദ്യമുയരുന്നു. മാത്രമല്ല; ഇതൊരു വലിയ നന്മയായി ഉയർത്തിക്കാണിക്കുമ്പോഴും ഇതിന്റെ പേരിലുണ്ടാകുന്ന പതിന്മടങ്ങ് പ്രയാസങ്ങളെ സൗകര്യപൂർവം മറന്നു കളയുന്നു. സമയ, സാമ്പത്തിക നഷ്ടം മുതൽ അപരൻ ഏൽക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ നിസ്സാരമായി തള്ളിക്കളയാവുന്നതല്ലല്ലോ. കുറഞ്ഞ നേരം കൊണ്ട് എത്ര പേരുടെ അഭിമാനത്തിനാണ് ക്ഷതമേൽക്കുന്നത്. ഫലത്തിൽ വേദനിക്കുന്നവന് ആശ്വാസത്തിന് പകരം ഇരട്ട പ്രഹരമാണ് പലപ്പോഴും ഏൽക്കേണ്ടി വരുന്നത്.
കൂടപ്പിറപ്പുകളെയും അയൽവാസികളെയും അടുത്ത സുഹൃത്തുക്കളെയും മാത്രം പറഞ്ഞു പറ്റിച്ചിരുന്ന ഒരു കാലമുണ്ടായിട്ടുണ്ട്. അന്നത്തെ ആ കളവുകൾക്ക് പോലും അതിന്റേതായ ഒരു നിഷ്‌കളങ്കതയും തനിമയുമുണ്ടായിരുന്നു. കപടതയുടെ മുഖം മൂടിയണിഞ്ഞ സോഷ്യൽ മീഡിയ കാലത്തെ സ്ഥിതി അതല്ല. ഏതു നെറികേടും വിറ്റഴിക്കാനും അപരനെ എന്തു വില കൊടുത്തും ഇല്ലാതാക്കാനുമുള്ള തൃഷ്ണ അപകടകരമാം വിധം വർധിച്ചിരിക്കുന്നു. ഒരു തരം നിഗ്രഹത്തിന്റെ രൂപഭാവങ്ങളിലേക്കാണ് ഈ ആഘോഷം പരിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.