തിരുവനന്തപുരം- പാസ്‌പോർട്ട് വെരിഫിക്കേഷന് കാലതാമസം ഒഴിവാക്കി വേഗത്തിൽ ലഭ്യമാകുന്നതിനുള്ള ഇ വെരിഫിക്കേഷൻ പാസ്‌പോർട്ട് സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതിനുള്ള നിർദ്ദേശം ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു.
പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന് ഇപ്പോൾ ഇരുപതു ദിവസം മുതൽ ഒരു മാസം വരെ സമയം വേണ്ടിവരുന്നുണ്ട്. എന്നാൽ കടലാസ് രഹിത ഡിജിറ്റൽ വർക്ക്ഫ്‌ളോയിലൂടെ ഇതിന് നാലോ അഞ്ചോ ദിവസമാക്കി കുറക്കാൻ ഈ വി ഐ പി ആപ്ലിക്കേഷന് കഴിയും. പൈലറ്റ് അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ നേരത്തെ ഇത് നടപ്പാക്കിയിരുന്നു. പദ്ധതി വിജയമെന്ന് കണ്ട് കണ്ണൂർ, പാലക്കാട്, കോഴിക്കോട് റൂറൽ, തൃശ്ശൂർ റൂറൽ, എറണാകുളം റൂറൽ എന്നീ അഞ്ച് ജില്ലകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചിരുന്നു. ഒരു മാസത്തിനകം മറ്റ് പോലീസ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ ജില്ലാ െ്രെകം റെക്കോർഡ്‌സ് ബ്യൂറോക്ക് വെബ് ആപ്ലിക്കേഷൻ വഴി അയച്ച് കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കും. തുടർന്ന് ഡിജിറ്റലായി ഈ ഫയൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫീസർക്ക് മൊബൈൽ/ലാപ്‌ടോപ്പ് ആപ്ലിക്കേഷൻ വഴി നൽകുന്നു. പരിശോധന പൂർത്തിയാക്കിയ ശേഷം മൊബൈൽ/ ലാപ്‌ടോപ്പ് ആപ്ലിക്കേഷൻ വഴി തന്നെ റിപ്പോർട്ട് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന് നൽകും. തുടർന്ന് ജില്ലാപോലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിൻറെ ഇതിനായുള്ള വെബ്‌പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും.