റിയാദ് - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ കഴിഞ്ഞ വർഷം 77,000 കോടി റിയാൽ ലാഭം നേടിയതായി കണക്ക്. കഴിഞ്ഞ കൊല്ലം കമ്പനികളുടെ ലാഭം 38 ശതമാനമായി വർധിച്ചു. 2021 ൽ കമ്പനികളുടെ ലാഭം 55,880 കോടി റിയാലായിരുന്നു. ഊർജ, ബാങ്കിംഗ് മേഖലകളുടെ ലാഭത്തിൽ കഴിഞ്ഞ വർഷമുണ്ടായ കുതിച്ചുചാട്ടം കമ്പനികളുടെ ആകെ ലാഭത്തിൽ പ്രതിഫലിച്ചു. ടെലികോം കമ്പനികളുടെ ലാഭം 16 ശതമാനവും ആരോഗ്യ പരിചരണ മേഖലാ കമ്പനികളുടെ ലാഭം 17 ശതമാനവും പബ്ലിക് യൂട്ടിലിറ്റി മേഖലാ കമ്പനികളുടെ ലാഭം 16 ശതമാനവും തോതിൽ കഴിഞ്ഞ വർഷം വർധിച്ചു.
സൗദി അറാംകൊ ഒഴികെയുള്ള കമ്പനികളുടെ ലാഭം കഴിഞ്ഞ വർഷം 140 ശതമാനം തോതിൽ വർധിച്ചു. അറാംകൊ ഒഴികെയുള്ള കമ്പനികൾ 14,200 കോടി റിയാലാണ് കഴിഞ്ഞ കൊല്ലം ലാഭം നേടിയത്. 2021 ൽ ഈ കമ്പനികളുടെ ലാഭം 5,730 കോടി റിയാലായിരുന്നു. സൗദി അറാംകൊ കഴിഞ്ഞ വർഷം 60,400 കോടി റിയാൽ ലാഭം നേടി. എണ്ണ വില ഉയർന്നതും സംസ്‌കരണ മേഖലയിൽ നിന്നുള്ള ലാഭം വർധിച്ചതും റെക്കോർഡ് ലാഭം നേടാൻ അറാംകൊയെ സഹായിച്ചു. ബാങ്കുകളുടെ ലാഭം 28.4 ശതമാനം തോതിലും വർധിച്ചു. സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം 6,260 കോടി റിയാലാണ് ലാഭം നേടിയത്.
ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ കമ്പനി അറാംകൊയാണ്. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത മുഴുവൻ കമ്പനികളും ആകെ നേടിയ ലാഭത്തിന്റെ 78.4 ശതമാനം സൗദി അറാംകൊ വിഹിതമാണ്. രണ്ടാം സ്ഥാനത്തുള്ള സൗദി നാഷണൽ ബാങ്ക് 1,860 കോടി റിയാൽ ലാഭം നേടി. മൂന്നാം സ്ഥാനത്തുള്ള അൽറാജ്ഹി ബാങ്ക് 1,720 കോടി റിയാലും നാലാം സ്ഥാനത്തുള്ള സാബിക് 1,650 കോടി റിയാലും ലാഭം നേടി. അഞ്ചാം സ്ഥാനത്ത് സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ്. കമ്പനി 1,510 കോടി റിയാൽ ലാഭമുണ്ടാക്കി. ആറാം സ്ഥാനത്തുള്ള സൗദി ടെലികോം കമ്പനി 1,220 കോടി റിയാലും ഏഴാം സ്ഥാനത്തുള്ള സാബിക് അഗ്രിന്യൂട്രിയന്റ്‌സ് കമ്പനി 1,000 കോടി റിയാലും എട്ടാം സ്ഥാനത്തുള്ള മആദിൻ കമ്പനി 930 കോടി റിയാലും ഒമ്പതാം സ്ഥാനത്തുള്ള അൽറിയാദ് ബാങ്ക് 700 കോടി റിയാലും പത്താം സ്ഥാനത്തുള്ള സൗദി ബ്രിട്ടീഷ് ബാങ്ക് 490 കോടി റിയാലും കഴിഞ്ഞ വർഷം ലാഭം നേടി.