കോട്ടയം - പാലാ നഗരസഭയിൽ ഇടതു മുന്നണിയിൽ ഭിന്നത. കേരള കോൺഗ്രസ് എമ്മിനെതിരായ തുടർച്ചയായ നീക്കത്തിൽ പ്രകോപിതരായ പാർട്ടി നേതൃത്വം സി.പി.എമ്മുമായുളള മുന്നണി ബന്ധം തന്നെ പുനർവിചിന്തനം ചെയ്യുമെന്നാണ് സൂചന. നഗരഭരണത്തിൽ സി.പി.എം കൗൺസിലർമാർ തുടർച്ചയായി കേരളാ കോൺഗ്രസ് എമ്മിനെതിരെ നിലപാടെടുക്കുകയും എതിർത്താൽ പാർട്ടി ചെയർമാനെ പോലും അവഹേളിച്ചു സംസാരിക്കുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നീക്കം .
പാലാ നഗരസഭയിൽ കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് (എം) എതിർത്ത അജണ്ട സി.പി.എമ്മും യു.ഡി.എഫ്. അംഗങ്ങളും പിന്തുണച്ചതോടെ പാസായി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി വിപുലമായ എം.സി.എഫ് ഷെഡ് പണിയുന്നത് സംബന്ധിച്ചായിരുന്നു അജണ്ട. ബ്രഹ്മപുരത്ത് മാലിന്യം കത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശത്തെത്തുടർന്നാണ് ഈവിഷയം നഗരസഭ കൗൺസിൽ വിളിച്ചുചേർത്ത് ചർച്ചചെയ്തത്.
20-ാംവാർഡിൽ മൃഗാശുപത്രിയുടെ പരിസരത്ത് 2000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡ് പണിയണമെന്നാണ് സി.പി.എം. അംഗമായ നഗരസഭാ ചെയർമാൻ ജോസിൻ ബിനോ ശുപാർശ ചെയ്തത്. എന്നാൽ കേരള കോൺഗ്രസ് എം അംഗങ്ങൾ അഞ്ചാം വാർഡിലെ കാനാട്ടുപാറയിൽ പണി തീർക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മുമ്പ് മാലിന്യം തള്ളിയിരുന്ന കാനാട്ടുപാറയിൽ നിർമാണം നടത്തിയാൽ തദ്ദേശവാസികൾ എതിർക്കുമെന്ന് സി.പി.എം. അംഗങ്ങളും യു.ഡി.എഫ്. അംഗങ്ങളും പറഞ്ഞു. തർക്കം രൂക്ഷമായപ്പോൾ തീരുമാനത്തിനായി വോട്ടിനിടാമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. വോട്ടിനിട്ടപ്പോൾ എട്ട് കേരള കോൺഗ്രസ് എം അംഗങ്ങൾ എതിർത്തു. അഞ്ച് സി.പി.എം. അംഗങ്ങളും എട്ട് യു.ഡി.എഫ്. അംഗങ്ങളും അനുകൂലിച്ചതോടെ മൂന്നാംവാർഡിൽ എം.സി.എഫ്. പണിയാൻ തീരുമാനമെടുക്കുകയായിരുന്നു. ഇത് കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് മുന്നണി ബന്ധത്തിൽ എത്രയും വേഗം തീരുമാനം എടുക്കാൻ പാർട്ടി ആലോചിക്കുന്നത്.