Sorry, you need to enable JavaScript to visit this website.

വിഷൻ 2030 പദ്ധതി ലക്ഷ്യത്തിലേക്ക്, തൊഴിലില്ലായ്മ കുറയുന്നു

റിയാദ് - സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിൽ വിഷൻ 2030 പദ്ധതി ലക്ഷ്യത്തോടടുക്കുന്നതായി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ നാലാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് എട്ടു ശതമാനമായി കുറഞ്ഞു. 
മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 9.9 ശതമാനമായിരുന്നു. നാലാം പാദത്തിലെ തൊഴിലില്ലായ്മ നിരക്ക് 1999 മുതൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ലോകത്തെ നിശ്ചലമാക്കുകയും സാമ്പത്തിക മേഖലകളെ തകർക്കുകയും ചെയ്ത കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2020 ആദ്യ പാദത്തിലെ തൊഴിലില്ലായ്മ നിരക്കിലും കുറവാണ് കഴിഞ്ഞ വർഷം നാലാം പാദത്തിലെ തൊഴിലില്ലായ്മ നിരക്ക്. 2020 ആദ്യ പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമായിരുന്നു. 
ശക്തമായ സാമ്പത്തിക വളർച്ചക്കൊപ്പമാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ നിലക്ക് കുറഞ്ഞത്. സാമ്പത്തിക വളർച്ച സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 8.7 ശതമാനം സാമ്പത്തിക വളർച്ച നേടി. 2010 നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണിത്. കൊറോണ വ്യാപനത്തിനൊപ്പം പെട്രോളിതര മേഖലക്ക് സർക്കാർ പ്രഖ്യാപിച്ച സത്വര ഉത്തേജക പദ്ധതികളും എണ്ണ മേഖലയിൽ ഉൽപാദനവും വിലയും ഉയർന്നതും ശക്തമായ സാമ്പത്തിക വളർച്ചക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിച്ചു. 
2016 ൽ പ്രഖ്യാപിച്ച ശേഷം വിഷൻ 2030 പദ്ധതി കൈവരിക്കുന്ന നേട്ടങ്ങളിൽ പുതിയ റെക്കോർഡ് ആണ് തൊഴിലില്ലായ്മ നിരക്കിലെ കുറവ്. തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിൽ വിഷൻ 2030 പദ്ധതി ഫലം നൽകാൻ തുടങ്ങിയതായി തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021 മെയ് മാസത്തിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കിയതും സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭിക്കാൻ ഇടയാക്കി. 
കൊറോണ മഹാമാരി വ്യാപനത്തെ തുടർന്ന് 2020 രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി ഉയർന്നിരുന്നു. മൂന്നാം പാദത്തിൽ 14.9 ഉം നാലാം പാദത്തിൽ 12.6 ഉം 2021 ആദ്യ പാതത്തിൽ 11.7 ഉം രണ്ടാം പാദത്തിൽ 11.3 ഉം മൂന്നാം പാദത്തിൽ 11.3 ഉം നാലാം പാദത്തിൽ 11 ഉം 2022 ആദ്യ പാദത്തിൽ 10.1 ഉം രണ്ടാം പാദത്തിൽ 9.7 ഉം ആയി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് അൽപം ഉയർന്ന് 9.9 ശതമാനമായി. നാലാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ നിലയിൽ കുറഞ്ഞ് എട്ടു ശതമാനത്തിൽ എത്തുകയായിരുന്നു. 

Latest News