ജിദ്ദ - മുൻ ആരോഗ്യ മന്ത്രി ഡോ. ഉസാമ സുബുക്ഷി അന്തരിച്ചു. 80 വയസായിരുന്നു. ഇന്നലെ അസർ നമസ്‌കാരാനന്തരം ജിദ്ദ അൽജുഫാലി ജുമാമസ്ജിദിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഉമ്മുനാ ഹവ്വാ ഖബർസ്ഥാനിൽ മയ്യിത്ത് മറവു ചെയ്തു. ഫഹദ് രാജാവിന്റെ കാലത്ത് 1995 മുതൽ 2003 വരെയാണ് ആരോഗ്യ മന്ത്രി പദവി വഹിച്ചത്. ആരോഗ്യ മന്ത്രി പദവിയിൽ നിന്ന് ഒഴിവായ ശേഷം 2015 വരെ ജർമനയിലെ സൗദി അംബാസഡറായും സേവനമനുഷ്ഠിച്ചു. അസുഖം ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1943 ൽ ജിദ്ദയിലെ ഹാറത്തുൽമദ്‌ലൂം ഗലിയിൽ പിതാവിന്റെ വീട്ടിലായിരുന്നു ജനനം. അൽഫലാഹ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പിതൃസഹോദര പുത്രൻ ഹിശാം സുബുക്ഷിക്കൊപ്പം പഠനത്തിന് സുഡാനിലേക്കും ശേഷം ലെബനോനിലേക്കും പോയി. അലക്‌സാണ്ട്രിയയിലെ വിക്‌ടോറിയ കോളേജിലും ജിദ്ദ അൽഥഗ്ർ മോഡൽ സ്‌കൂളിലും വിദ്യയഭ്യസിച്ചിട്ടുണ്ട്. ജർമനിയിൽ നിന്നാണ് മെഡിസിനിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. ഐറിഷ് റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് ഓണററി ഫെലോഷിപ്പും നേടിയിരുന്നു.