ചാവക്കാട്‌ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കാൻ നടത്തിയ സർവേയിൽ പലയിടത്തും അളവിന്റെ കൃതൃതയെ ചൊല്ലി നാട്ടുകാരുമായി തർക്കമുണ്ടാകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ചാവക്കാട് ബ്ലോക്ക് ഓഫീസിന് വടക്ക് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ദേശീയ പാതക്കായി കല്ലിട്ട് പോയ ഭാഗത്തുനിന്ന് മൂന്ന് മീറ്ററിലേറെ ദൂരത്തിൽ കാനക്കുള്ള സ്ഥലം അടയാളപ്പെടുത്തിയത് തർക്കത്തിന് കാരണമായി. സാധാരണ ഗതിയിൽ ഒന്നര മീറ്റർ വിടവാണ് കാനക്കും സ്വകാര്യ വ്യക്തിയുടെ വസ്തുവിനും ഇടയിലായി ഇടാറുള്ളത്. ഇതിന് പകരം ഈ ഭാഗത്ത് മൂന്ന് മീറ്ററിലേറെ വീതിയാണുള്ളത്. സർവീസ് റോഡിനോടു ചേർന്ന് കാനനിർമിക്കുന്ന സ്ഥലം ദേശീയ പാതയുടെ നിർമാണ ചുമതലയുള്ള കമ്പനിയുടെ ജോലിക്കാർ അടയാളപ്പെടുത്തിയപ്പോഴാണ് കാനക്കും തങ്ങളുടെ വസ്തുവിനും മധ്യേ വലിയൊരു ഭാഗം ഒഴിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇക്കാര്യം കമ്പനി അധികൃതരെ അറിയിച്ചപ്പോൾ അപാകതയുണ്ടെന്ന് ജീവനക്കാരും സമ്മതിച്ചതായി നാട്ടുകാർ പറഞ്ഞു. ഇത്രയും സ്ഥലം ഉപയോഗരഹിതമായി ഇടുന്നതിന് പകരം ഭൂമിയേറ്റെടുത്ത വ്യക്തികൾക്ക് വിലകെട്ടി നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.എന്നാൽ ഇത്തരത്തിലുള്ള തർക്കം പല മേഖലകളിലും ഉണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി അലൈൻമെന്റ് തയാറാക്കി കല്ലിട്ടത് ഡിജിറ്റൽ സർവേ നടത്തിയാണ്. ഈ അലൈൻമെന്റ് പ്രകാരം നിർമാണ ജോലികൾ തുടങ്ങിയപ്പോഴാണ് പല മേഖലകളിലും കല്ലിട്ട ഭാഗവും അലൈൻമെന്റും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് വ്യക്തമായത്. തർക്കമുള്ള ഇടങ്ങളിലെല്ലാം ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ വീണ്ടും സർവേ നടത്തി നാട്ടുകാരുടെ പരാതി പരിഹരിച്ച ശേഷമേ നിർമാണം നടത്തൂവെന്ന് കമ്പനി അധികാരികൾ പറഞ്ഞു.