റിയാദ് - പുനരുപയോഗ ഊർജ, ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ ലോകത്ത് ഏറ്റവുമധികം നിക്ഷേപങ്ങൾ നടത്തുന്നത് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആണെന്ന് പി.ഐ.എഫ് ഗവർണർ യാസിർ അൽറുമയ്യാൻ പറഞ്ഞു. 2050 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുനരുപയോഗ ഊർജ, ഹരിത ഹൈഡ്രജൻ മേഖലയിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഭീമമായ നിക്ഷേപങ്ങൾ നടത്തുന്നത്.
2015 ൽ പി.ഐ.എഫിനു കീഴിൽ 15,000 കോടി ഡോളറിന്റെ ആസ്തികളാണുണ്ടായിരുന്നത്. നിലവിൽ ഫണ്ട് ആസ്തികൾ 65,000 കോടി ഡോളറായി ഉയർന്നു. 2025 അവസാനത്തോടെ ഇത് ഒരു ട്രില്യൺ ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ പി.ഐ.എഫ് ആസ്തികൾ രണ്ടു ട്രില്യൺ ഡോളർ മുതൽ മൂന്നു ട്രില്യൺ ഡോളർ വരെയായി ഉയർത്താൻ ലക്ഷ്യമിടുന്നു.
സൗദി അറേബ്യ കഴിഞ്ഞ വർഷം 7.5 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിച്ചിരുന്നത്. വികസ്വര രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കായിരുന്നു ഇത്. എന്നാൽ ഇതിലും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. തൊഴിലില്ലായ്മ നിരക്ക് 13 ശതമാനത്തിൽ നിന്ന് എട്ടു ശതമാനമായി കുറക്കുന്നതിലും രാജ്യം വിജയിച്ചു.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൗദി അറേബ്യക്കകത്ത് നടത്തിയ നിക്ഷേപങ്ങളിലൂടെ ഏഴു വർഷത്തിനിടെ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. 2025 ഓടെ പി.ഐ.എഫ് നിക്ഷേപങ്ങളോടെ പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലവസരങ്ങൾ 15 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. സ്വദേശികൾക്ക് ലഭ്യമാക്കുന്ന തൊഴിവലസരങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഫണ്ട് പ്രവർത്തിക്കുന്നു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ദീർഘ വീക്ഷണം വിദേശങ്ങളിലെ നിക്ഷേപങ്ങളിലൂടെ മികച്ച ആദായം ലഭിക്കാൻ ഫണ്ടിനെ സഹായിച്ചു. ലോക ഓഹരി വിപണികൾ കടുത്ത തകർച്ച നേരിട്ട കൊറോണ മഹാമാരി കാലത്ത് സാഹചര്യം മുതലെടുത്ത് വിദേശ ഓഹരി വിപണികളിൽ വൻതോതിൽ നിക്ഷേപങ്ങൾ നടത്താൻ കിരീടാവകാശി നിർദേശിക്കുകയായിരുന്നു. ഫണ്ട് ഗവർണറായ താൻ ഈ നിർദേശത്തെ അനുകൂലിച്ചു. എന്നാൽ പി.ഐ.എഫ് വിദഗ്ധരിൽ ഭൂരിഭാഗവും ഇതിന് എതിരായിരുന്നു.
തുടർന്ന് ഇതേ കുറിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് റിപ്പോർട്ട് സമർപ്പിക്കുകയും വിദേശ ഓഹരി വിപണികളിൽ നിക്ഷേപങ്ങൾ നടത്താനുള്ള കിരീടാവകാശിയുടെ നിർദേശം രാജാവ് അംഗീകരിക്കുകയുമായിരുന്നു. ലോക ഓഹരി വിപണികൾ വൻ തകർച്ച നേരിട്ട 2020 മാർച്ചിൽ 8,000 കോടി ഡോളറാണ് പി.ഐ.എഫ് വിദേശങ്ങളിലെ ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചത്. ഇതിലൂടെ മികച്ച ലാഭം നേടാൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് സാധിച്ചതായും യാസിർ അൽറുമയ്യാൻ പറഞ്ഞു.