Sorry, you need to enable JavaScript to visit this website.

സൗദിയിലെ റെയിൽവെ സ്റ്റേഷനുകളിൽ പാർക്കിംഗ് ഫീസ് കുറച്ചു

ജിദ്ദ - മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയുടെ ഭാഗമായ റെയിൽവെ സ്റ്റേഷനുകളിൽ വിശുദ്ധ റമദാനിൽ കാർ പാർക്കിംഗ് ഫീസ് മണിക്കൂറിന് ഒരു റിയാലായി കുറച്ചതായി ഹറമൈൻ ഹൈസ്പീഡ് റെയിൽവെ ഡെപ്യൂട്ടി സി.ഇ.ഒ റയാൻ അൽഹർബി അറിയിച്ചു. റമദാനിൽ ഹറമൈൻ റെയിൽവെ പ്രതിദിനം 100 സർവീസുകൾ വീതം നടത്തുന്നുണ്ടെന്ന് ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷനിൽ സന്ദർശനം നടത്തി റയാൻ അൽഹർബി പറഞ്ഞു. മക്കയിലേക്കും മദീനയിലേക്കും പോകാൻ ആഗ്രഹിക്കുന്ന ജിദ്ദ നിവാസികൾക്ക് ആശ്രയിക്കാവുന്ന പ്രധാന മാർഗമാണ് സുലൈമാനിയ റെയിൽവെ സ്റ്റേഷൻ. 
മക്കക്കും ജിദ്ദ സുലൈമാനിയ സ്റ്റേഷനും ഇടയിൽ റമദാനിൽ പ്രതിദിനം 84 ട്രെയിൻ സർവീസുകളുണ്ട്. ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ജിദ്ദ നിവാസികൾക്ക് അവലംബിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷൻ ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷനാണ്. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് 24 മണിക്കൂറും ട്രെയിൻ സർവീസുകളുണ്ട്. മണിക്കൂറിൽ മൂന്നു സർവീസുകൾ വരെ നടത്തുന്നു. ജിദ്ദ, മക്ക യാത്രക്ക് 23 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക് എന്നും റയാൻ അൽഹർബി പറഞ്ഞു. ഉദ്ഘാടനം ചെയ്ത ശേഷം ഹറമൈൻ റെയിൽവെയിൽ ഇതുവരെ കാൽ ലക്ഷത്തിലേറെ സർവീസുകൾ നടത്തിയിട്ടുണ്ട്. ഹറമൈൻ റെയിൽവെയിൽ ട്രെയിൻ സർവീസുകളുടെ സമയനിഷ്ഠ 95 ശതമാനമാണ്.
 

Latest News