Sorry, you need to enable JavaScript to visit this website.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത്,  സി.പി.എം നേതാവിന്റെ സദാചാര പോലീസിംഗ് 

പത്തനംതിട്ട- കലഞ്ഞൂരില്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു കയ്യേറ്റം. സിപിഐഎം കലഞ്ഞൂര്‍ ലോക്കല്‍ സെക്രട്ടറി മനോജിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തു എന്നാണ് ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഈ സംഭവം ഉണ്ടായത്. കോളജിന്റെ സമയം കഴിഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സമീപത്തെ ഒരു ജ്യൂസ് കടയില്‍ നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കാറിലെത്തിയ മനോജിന്റെയും ബ്രാഞ്ച് സെക്രട്ടറി പ്രദീപിന്റെയും നേതൃത്വത്തില്‍ എത്തിയ സംഘം ഇവരെ കയ്യേറ്റം ചെയ്തത്.
ഇവരുടെ അധ്യാപകര്‍ നോക്കിനില്‍ക്കെ അസഭ്യമുള്‍പ്പെടെ വിളിച്ചു പറഞ്ഞു വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ നോക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടെ തെറി വിളിക്കുകയും ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നതും ഒരുമിച്ച് ജ്യൂസ് കുടിച്ചതുമൊക്കെ എന്തിനാണെന്നും ഈ പ്രദേശത്ത് ഇതൊന്നും നടക്കില്ല എന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഇതില്‍ ഹരീഷ് എന്ന വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനുപിന്നാലെ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Latest News