കൊച്ചി-വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുകളിലൂടെ പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടി ചത്രങ്ങള്‍ കൈവശപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പിരാരി വില്ലേജ് പുത്തൂര്‍ കുള്ളിത്തൊടി വീട്ടില്‍ ഷാനവാസ് (ഷാനു 28), അമ്പലക്കാട് വീട്ടില്‍ ബാബു (അജികുമാര്‍ -46) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്:
ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തു ഫേയ്‌സ്ബുക്ക് വഴി ഷാനവാസിനെ പരിചയപ്പെട്ടു. അമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണു പെണ്‍കുട്ടി ഫേയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നത്. ഇതിലേക്കു വന്ന ഷാനവാസിന്റെ ഫ്രണ്ട് റിക്വസ്റ്റ് കുട്ടി സ്വീകരിച്ചു. തുടര്‍ന്നു ചാറ്റ് ചെയ്തു കുട്ടിയെ വശത്താക്കിയ ഇയാള്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പലതവണ ഭീഷണി ഉണ്ടായതോടെ ചില ചിത്രങ്ങള്‍ കുട്ടി അയച്ചുകൊടുത്തു. വീണ്ടും ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
ഒഴിവാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ഇയാളുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റു പല പ്രൊഫൈലുകളിലൂടെ ഫോട്ടോ ആവശ്യപ്പെട്ടു തുടങ്ങി. ഒരു ദിവസം കുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് ചിത്രങ്ങള്‍ നല്‍കാത്തത് എന്താണെന്നു ചോദിച്ചു കൊണ്ടും നല്‍കിയില്ലെങ്കില്‍ കൈവശമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയും മെസേജ് വന്നതോടെ വീട്ടുകാര്‍ സംഭവം അറിഞ്ഞു. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കി. പിതാവിന്റെ ഫോണില്‍ നിന്നു മുന്‍പു കുട്ടി ഇയാളുമായി സംസാരിച്ചതിനാലാണു ആ ഫോണിലേക്കു മെസേജ് വന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നു അന്വേഷണം ആരംഭിച്ച പോലീസ് പിതാവിന്റെ ഫോണിലേക്കു മെസേജ് വന്ന നമ്പര്‍ പാലക്കാട് സ്വദേശിയായ പ്രദീപ് എന്നയാളുടെ പേരിലാണെന്നു കണ്ടെത്തി. പ്രദീപിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്കു സംഭവവുമായി ബന്ധമില്ലെന്നു മനസിലായി. മാത്രമല്ല, മുമ്പ് വിഡിയോ ചാറ്റ് ചെയ്തപ്പോള്‍ പെണ്‍കുട്ടി ഷാനവാസിന്റെ ചിത്രം സ്‌ക്രീന്‍ ഷോട്ട് എടുത്തതു പ്രദീപ് അല്ല പ്രതിയെന്നു തിരിച്ചറിയാന്‍ സഹായകമായി.
തുടര്‍ന്ന് പ്രദീപ് സിം കാര്‍ഡ് എടുത്ത ബാബുവിന്റെ കടയിലെത്തി. സിം കാര്‍ഡ് എടുത്തപ്പോള്‍ പ്രദീപ് നല്‍കിയ തിരിച്ചറില്‍ കാര്‍ഡും വിരലടയാളവും ഉപയോഗിച്ചു ഷാനവാസും ബാബുവും ചേര്‍ന്നു പ്രദീപിന്റെ പേരില്‍ രണ്ടു സിം കാര്‍ഡുകള്‍ എടുത്തിരുന്നു. ഇവ ഉപയോഗിച്ചാണു ഷാനവാസ് സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നത്.
ഒന്‍പതാം ക്ളാസ് വരെ മാത്രം പഠിച്ച ഷാനവാസ് പല ബിരുദങ്ങളും ഉള്ളയാളായിട്ടാണ് ഫെയ്സ് ബുക്ക് പ്രൊഫൈലില്‍ പരിചയപ്പെടുത്തിയിരുന്നത്.ബാബുവിന്റെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നു. നേരത്തെ പാലക്കാട് തന്നെയുള്ള ഒരു പെണ്‍കുട്ടിക്ക് അശ്ലീല മെസേജ് അയച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവ് വീട്ടിലെത്തി ബഹളം വച്ചിരുന്നതായി സി.ഐ അഷറഫ് പറഞ്ഞു. പല പേരുകളില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കി പെണ്‍കുട്ടിക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളുടെ കൈയ്യില്‍നിന്ന് ഒട്ടേറെ സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചു സ്ത്രീകളുമായി ബന്ധപ്പെട്ട് അവരെ വശത്താക്കുന്നത് ഇവരുടെ പതിവാണെന്നു പോലീസ് പറഞ്ഞു.
ഷാനു അവിവാഹിതനാണ്. ബാബുവിനു ഭാര്യയും മക്കളുമുണ്ട്. പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.